തിരുവല്ല സബ്ട്രഷറി കെട്ടിടത്തിനു സ്ഥലം: ഫയലിൽ ചെയർപേഴ്സൺ ഒപ്പിടാത്തത് വിവാദത്തിൽ
1545716
Sunday, April 27, 2025 3:47 AM IST
തിരുവല്ല : തിരുവല്ല സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കാൻ മൂന്ന് മാസം മുമ്പ് മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചിട്ടും ചെയർപേഴ്സൺ ഫയലിൽ ഒപ്പിടാത്തത് വിവാദത്തിൽ. കൗൺസിലിലെ ഭൂരിപക്ഷ തീരുമാനമുണ്ടായിട്ടും ചെയർപേഴ്സൺ ഒപ്പിടാത്തതു കാരണം തീരുമാനമെടുക്കാനാകുന്നില്ലെന്ന് ഇന്നലെ ചേർന്ന ജില്ലാ വികസന സമിതിയോഗത്തിലാണ് മുനിസിപ്പൽ സെക്രട്ടറിയാണ് അറിയിച്ചു.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ പണം അനുവദിച്ചെങ്കിലും സ്ഥലം വിട്ടുകിട്ടുന്നതിലെ തടസങ്ങൾ കാരണം കെട്ടിടനിർമാണം നീണ്ടുപോകുകയാണ്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന യോഗത്തിൽ വിഷയം ചർച്ചയായി. ട്രഷറിക്ക് കെട്ടിടം നിർമിക്കാൻ കവിയൂർ പഞ്ചായത്തിൽ സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ ട്രഷറി ഓഫീസർ യോഗത്തിൽ പറഞ്ഞു.
എന്നാൽ തിരുവല്ലയുടെ നഗരഹൃദയത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സബ് ട്രഷറി കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതു പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് മാത്യു ടി. തോമസ് എംഎൽഎ യോഗത്തിൽ അറിയിച്ചു. ഇതേതുടർന്ന് സ്ഥലം ലഭിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാൻ ഒരുമാസം കൂടി അനുവദിക്കാൻ ജില്ലാ വികസനയോഗത്തിൽ തീരുമാനിച്ചു.
നഗരസഭാ വളപ്പിലെ കുടുംബകോടതി പ്രവർത്തിച്ചിരുന്ന സ്ഥലം അനുവദിക്കുമെന്ന് ആദ്യം അറിയിച്ച നഗരസഭാധികൃതർ പിന്നീട് തീരുമാനം മാറ്റി. പഴയ ടൗൺ ഹാൾ പൊളിച്ചുമാറ്റി അവിടെ സ്ഥലം നൽകാൻ കൗൺസിൽ യോഗം പിന്നീട് തീരുമാനിച്ചു. ഇതേതുടർന്ന് സ്ഥലം അളന്നു തിട്ടപ്പെടുത്തി സർക്കാരിലേക്ക് തീരുമാനം അറിയിച്ചെങ്കിലും പുതിയ കൗൺസിൽ യോഗത്തിൽ ഈസ്ഥലം വിട്ടുനൽകുന്നതിന് എതിർപ്പുകൾ ഉണ്ടായി. തുടർന്ന് രാമപുരം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുമ്പോൾ അതിൽ സബ് ട്രഷറിക്ക് സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു.
ഇതിനെ കൗൺസിൽ അംഗങ്ങൾ എതിർത്തതോടെ 2011ൽ നഗരസഭയെടുത്ത മുൻതീരുമാനം അംഗീകരിക്കാൻ കഴിഞ്ഞ നവംബർ നാലിനു ചേർന്ന കൗൺസിൽ യോഗം എതിർപ്പില്ലാതെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പഴയ ടൗൺ ഹാൾ പൊളിച്ചുമാറ്റിയ സ്ഥലം നൽകാനുള്ള തീരുമാനത്തിലാണ് നഗരസഭാദ്ധ്യക്ഷ ഒപ്പിടാതിരിക്കുന്നത്.