മൈലപ്ര ശാലേം മാർത്തോമ്മ ഇടവക ശതാബ്ദി ഉദ്ഘാടനം നാളെ
1545537
Saturday, April 26, 2025 3:52 AM IST
പത്തനംതിട്ട: മൈലപ്ര ശാലേം മാർത്തോമ്മ ഇടവക ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. രാവിലെ എട്ടിന് റാന്നി - നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഹൻ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
ഇടവക വികാരി റവ. അജിത് ഈപ്പൻ തോമസിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ജാഥ ഇന്ന് 3.30ന് മരുതേലി മുരുപ്പേൽ പൂർവ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് മൈലപ്ര ശാലേം മാർത്തോമ്മ ദേവാലയ അങ്കണത്തിൽ എത്തിച്ചേരും.
ശതാബ്ദി ലോഗോ പ്രകാശനം റവ. സിജി തോമസ് പൂർവ ദേവാലയത്തിൽ നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ മാർത്തോമ്മ സഭ അല്മായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട്, ഭദ്രാസന ട്രഷറർ അനു ഫിലിപ്പ്, മുൻവികാരി റവ. ടി. ടി. തോമസ്, മുൻ വികാരിമാർ എന്നിവർ പ്രസംഗിക്കും.
സാക്ഷ്യ സമൂഹമായി വിശ്വാസയാത്രയിൽ എന്ന ചിന്താവിഷയവുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇടവകയിലെ വിവിധ ആത്മീയ സംഘടനകൾ നേതൃത്വം നൽകും. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2026 ഏപ്രിൽ 12 നു നടക്കും.