കരാര്‍ മേഖലയില്‍ കുത്തകവത്കരണം: ചെറുകിടക്കാര്‍ കളംവിടുന്നു
1546179
Monday, April 28, 2025 3:32 AM IST
പത്തനംതിട്ട: സര്‍ക്കാര്‍ കരാര്‍ മേഖലയിലെ കുത്തകവത്കരണത്തിനിടെ ചെറുകിട കരാറുകാര്‍ കളം വിടുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നിര്‍മാണ മേഖല തീറെഴുതിയതോടെ ബഹുഭൂരിപക്ഷം ചെറുകിട കരാറുകാരും പിടിച്ചു നില്‍ക്കാനാകാതെ മറ്റു മേഖലകള്‍ ഉപജീവനത്തിനായി തേടുകയാണ്.
കരാര്‍തുക നല്‍കാതെയും നിരക്കുകളില്‍ ആനുപാതികമായ വര്‍ധന വരുത്താതെയും കരാറുകാരെ വീര്‍പ്പുമുട്ടിച്ച സര്‍ക്കാര്‍ അടുത്തകാലത്ത് പ്രധാന ജോലികളെല്ലാം ഊരാളുങ്കല്‍ സൊസൈറ്റിക്കു ലഭിക്കത്തക്കവിധമാണ് നടപടിക്രമങ്ങള്‍ നടത്തുന്നത്.
വന്‍കിട കരാറുകള്‍ പൂര്‍ണമായും ഊരാളുങ്കല്‍ സൊസൈറ്റിക്കും മറ്റു കമ്പനികള്‍ക്കും ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ തീറെഴുതുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗവണ്മെന്റ് കോൺട്രാക്ടേഴ്സ് സംഘടനകള്‍ ചൂണ്ടിക്കാട്ടി.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കരാറുകാരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങിയത്. മുമ്പും കരാര്‍ മേഖലയില്‍ കുടിശിക ഉണ്ടായിരുന്നുവെങ്കിലും അതു ഘട്ടംഘട്ടമായി നല്‍കുമായിരുന്നു. എന്നാല്‍ 2021 മുതല്‍ കരാര്‍ ജോലികള്‍ വന്‍കിട കമ്പനികളെ മാത്രം ഏല്പിക്കുന്ന പ്രവണത കണ്ടുതുടങ്ങി. ചെറുകിട കരാറുകാര്‍ക്ക് സാങ്കേതിക വൈഭവവും യന്ത്രങ്ങളും കുറവാണെന്ന പേരിലാണ് നീക്കം.
സര്‍ക്കാര്‍ നയംമൂലം കരാര്‍ മേഖലയിലെ നിലനില്പ് പ്രതിസന്ധിയിലായതോടെയാണ് കാര്‍ഷിക മേഖല അടക്കമുള്ള മറ്റ് സംരംഭങ്ങളിലേക്ക് തിരിയാന്‍ കരാറുകാര്‍ നിര്‍ബന്ധിതരായത്. ജല്‍ ജീവന് മിഷന് പ്രവൃത്തി ചെയ്ത വകയില്‍ മാത്രം കരാറുകാര്‍ക്ക് ലഭിക്കാനുള്ളത് 4000 ല്‍ അധികം കോടി രൂപയാണ്.
പൊതുമരാമത്ത് വകുപ്പ് റോഡ്, കെട്ടിടം വകുപ്പുകളുടെ പ്രവൃത്തികള്‍ ചെയ്ത വകയില്‍ ലഭിക്കാനുള്ളത് ഇതിന്റെ മൂന്നിരട്ടിയില്‍ അധികം രൂപയാണ്. ഈ പണം എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തില്‍ നിലനില്പ് പ്രതിസന്ധിയിലായതോടെയാണ് പ്രവൃത്തി മേഖല മാറ്റാന്‍ അസോസിയേഷന് നിര്‍ബന്ധിതമായത്. 2003-ല്‍ ശബരിമല സീസണ് മുന്നോടിയായി തകര്‍ന്നടിഞ്ഞ ജില്ലയിലെ റോഡുകള്‍ ആരും ഏറ്റെടുക്കാന്‍ മുന്നോട്ടു വരാതിരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിച്ചവരാണ് തങ്ങളെന്നും അതിന്റെ പണം പോലും അനുവദിക്കാതെ സര്‍ക്കാര്‍ ക്രൂരത കാട്ടിയെന്നും ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി തേവരുമുറിയില്‍ പറഞ്ഞു.
ജില്ലാആസ്ഥാനമായ പത്തനംതിട്ട നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കരാര്‍ ആരും ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ താന്‍ നേരിട്ട് ജോലി ചെയ്തു തീര്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ഒരു പൈസയും ഇതേവരെ ലഭിച്ചിട്ടില്ല.
കരാര്‍ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യതയെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉപ കരാറുകാരായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് ചെറുകിട കരാറുകാര്‍ ചൂണ്ടിക്കാട്ടി. പത്തു കോടിക്ക് തീരേണ്ട ഒരു പ്രവൃത്തി 15 കോടിയിലേക്ക് ഉയര്‍ത്തി വന്‍ നഷ്ടം സര്‍ക്കാരിനു വരുത്തി വയ്ക്കാന്‍ മാത്രമേ ഇപ്പോഴത്തെ നയം ഉപകരിക്കൂവെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് വ്യക്തമാക്കി.