ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു
1545715
Sunday, April 27, 2025 3:47 AM IST
അടൂർ: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അടൂരിലെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലിയും മൗന പ്രാർഥനാ റാലിയും സംഘടിപ്പിച്ചു. വൈദികരും സന്ന്യസ്തരും വിശ്വാസികളും മാർപാപ്പയുടെ കബറടക്കദിനമായ ഇന്നലെ വൈകുന്നേരം ഒന്നിച്ച് ചേർന്നു.
അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്ന പ്രാർഥനാ ശുശ്രുഷയിലും അനുസ്മരണ യോഗത്തിലും സെന്റ് ജോൺ ഓഫ് ദി ക്രോസ് ലത്തീൻ കത്തോലിക്ക ഇടവക, മാർ സ്ലീവാ സീറോ മലബാർ കത്തോലിക്ക ഇടവക, തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്ക ഇടവക എന്നിവിടങ്ങളിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു.
സിഎംഐ സന്യാസ സഭ, ഹോളി ക്രോസ് കോൺവെന്റ്, സെന്റ് ജോൺസ് കോൺവെന്റ്, ഡിഎം കോൺവെന്റ് എന്നിവിടങ്ങളിലെ സന്ന്യസ്തരും പ്രാർഥനാസംഗമത്തിൽ പങ്കുചേർന്നു. പ്രാർഥനാ സംഗമത്തിന് ശേഷം മാർപാപ്പയുടെ സ്മരണാർത്ഥം ടൗൺ ചുറ്റി മൗനജാഥ നടത്തി.
റാന്നി: കാത്തലിക് ഫെലോഷിപ്പിന്റെയും റാന്നി പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണയാത്രയും യോഗവും നടത്തി.
നീരാട്ടുകാവ് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ കണ്ണംപള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാ. ബിജു ചുളയില്ലാപ്ലാക്കലിന്റെ പ്രാർഥനയോടെ യാത്ര ആരംഭിച്ചു. തുടർന്ന് വാഹന റാലിയായി റാന്നി ചുറ്റി ചെത്തോങ്കര ക്രിസ്തുരാജ പള്ളിയിൽ സമാപിച്ചു.
ഫാ. പോൾ നെൽസൺ ആമുഖ സന്ദേശവും ഫാ. ചെറിയാൻ മണപ്പുറത്ത് ധൂപാർപ്പണവും അനുസ്മരണ പ്രസംഗവും നടത്തി. ഫാ. ജോസഫ് വരമ്പുങ്കൽ ഒഐസി, ഫാ. ജീസ് ഐക്കര, ഫാ. കോശി മണ്ണിൽ, ഫാ. ജോൺ കമുകും പ്ലാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.