പെരുനാട്ടിലേത് രാഷ്ട്രീയ കൊലപാതകമെന്ന വാദത്തിലുറച്ച് സിപിഎം
1515452
Wednesday, February 19, 2025 2:54 AM IST
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയുടേത് രാഷ്ട്രീയ കൊലപാതകമെന്ന വാദത്തിലുറച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും. ജിതിന്റെ കൊലപാതകത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്നും അറസ്റ്റിലായവർക്ക് ഡിവൈഎഫ്ഐയുമായി യാതൊരു ബന്ധവുമില്ലെന്നും നേതാക്കൾ വിശദീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മഠത്തുംമൂഴിയിലുണ്ടായ സംഘർഷത്തിൽ ജിതിൻ ഷാജി കൊല്ലപ്പെട്ടത്. യുവസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ജിതിൻ കൊല്ലപ്പെട്ടതാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞുവെങ്കിലും ഇതംഗീകരിക്കാൻ സിപിഎം തയാറായിട്ടില്ല.
ജിതിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തയതാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന, ജില്ലാ സെക്രട്ടരിമാരടക്കം രംഗത്തുവന്നിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം വിവിധയിടങ്ങളിൽ പ്രകടനവും പോലീസ് സ്റ്റേഷൻ മാർച്ചും നടന്നു.
എന്നാൽ കൊലാപതകത്തിനു പിന്നിലെ രാഷ്ട്രീയം നിഷേധിച്ച ബിജെപി നേതാക്കൾ സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങളാണ് സംഭവത്തിനു കാരണമെന്ന് വിശദീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ഡിവൈഎഫ്ഐ ബന്ധം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോന്നി മെഡിക്കൽ കോളജിലെ ആദ്യ പോസ്റ്റുമോർട്ടം ജിതിന്റേത്
പത്തനംതിട്ട: കോന്നി ഗവൺമന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ആദ്യത്തെ പോസ്റ്റുമോർട്ടം പെരുനാട്ടിൽ കുത്തേറ്റു മരിച്ച പെരുനാട് മാമ്പാറ സ്വദേശി ജിതിന്റേത്.
തിങ്കളാഴ്ച രാവിലെ 11. 30 ന് ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ രണ്ടു മണിക്കൂർകൊണ്ട് അവസാനിച്ചു. ഫോറൻസിക് മെഡിസിൻ എച്ച്ഒഡി ഡോ.സരിത, അസിസ്റ്റന്റ് പ്രഫസർ ഡോ. നസറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.
മെഡിക്കൽ കോളജ് ഫോറൻസിക് ബ്ലോക്ക് മന്ത്രി വീണാ ജോർജ് അടുത്തയിടെ ഉദ്ഘാടനം ചെയ്തിരുന്നു. 2.09 കോടി രൂപയാണ് ഫോറൻസിക് ബ്ലോക്കിന്റെ നിർമാണച്ചെലവ്. ഫോറൻസിക് വിഭാഗത്തിന്റെ ഭാഗമായ മോർച്ചറി ബ്ലോക്കിൽ മജിസ്റ്റീരിയൽ, പോലീസ് ഇൻക്വസ്റ്റ് റൂമുകൾ, മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള 10 കോൾഡ് ചേംബർ, പോസ്റ്റുമോർട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫിസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പ്രതിരോധത്തിലായി ഡിവൈഎഫ്ഐ, മിഥുനും സുമിത്തും ആർഎസ്എസുകാരെന്ന്
പത്തനംതിട്ട: പെരുനാട്ടിൽ ജിതിൻ ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ഡിവൈഎഫ്ഐക്കാരല്ലെന്ന് ജില്ലാ സെക്രട്ടറി ബി. നിസാം പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതികൾ ഡിവൈഎഫ്ഐക്കാർ ആണെന്ന വ്യാജപ്രചാരണം പ്രതികളെയും ബിജെപിയേയും സഹായിക്കാനാണെന്നും ഇവർ കുറ്റപ്പെടുത്തി.
ജിതിനെ കൊലപ്പെടുത്തിയ വിഷ്ണുവും ഡിവൈഎഫ്ഐയുമായി യാതൊരു ബന്ധവുമില്ല. കേസ് അന്വേഷണം ബിജെപി, ആർഎസ്എസ് നേതാക്കളിലേക്ക് എത്തുമെന്ന് ഉറപ്പായപ്പോൾ ശ്രദ്ധ തിരിക്കാനാണ് വ്യാജ പ്രചാരണമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
കേസിലെ ഏഴാം പ്രതി മിഥുനും നാലാം പ്രതി സുമിത്തും 2021 ഏപ്രിലിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് ഡിവൈഎഫ്ഐയല്സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന പോസ്റ്റർ 2021 ജൂലൈ മാസത്തിലേത് ആണ്. ഇതിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് ഇവർ ഡിവൈഎഫ് ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
2023 മുതൽ ഡിവൈഎഫ്ഐ മഠത്തും മൂഴി യൂണിറ്റ് സെക്രട്ടറി ആദിത്യശങ്കറും പ്രസിഡന്റ് ദീപക്കുമാണ്. കേസുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തെ സഹായിക്കുന്ന നിലപാടാണ് ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിനുള്ളതെന്നും ഇവർ കുറ്റപ്പെടുത്തി. പെരുനാട്ടിലേത് രാഷ്ട്രീയ കൊലപാതകമാണെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
അക്രമത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി. എൻ. വിഷ്ണുവിനെ മുമ്പും ഇവർ ആക്രമിച്ചിരുന്നു. ആയുധവുമായി കരുതികൂട്ടി എത്തി നടത്തിയ അക്രമം ജില്ലയിലെ ജനങ്ങൾ ഒന്നടങ്കം അപലപിക്കുകയാണ്.
ജില്ലാ ട്രഷറർ എം. അനീഷ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം ജോബി ടി. ഈശോ, പെരുനാട് ബ്ലോക്ക് സെക്രട്ടറി ജയ്സൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.