ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഫണ്ട് നഷ്ടമാക്കിയതിനെതിരേ സംഘടനകൾ
1515235
Tuesday, February 18, 2025 1:57 AM IST
പത്തനംതിട്ട: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിലേക്ക് കഴിഞ്ഞ 11 വർഷമായി ബജറ്റിൽ അനുവദിച്ച പണം നഷ്ടപ്പെടുത്തിയതിനെതിരേ വിവിധ സംഘടനകൾ രംഗത്ത്.
ഈ മേഖലയോടുള്ള സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഫോർ ദി ഇന്റ ലക്ച്വലി ഡിസേബിൾഡ്, പേരന്റ്സ് അസോസിയേഷൻ ഓഫ് ഇന്റലക് ച്വലി ഡിസേബിൾഡ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ നിയമം അനുസരിച്ച് 18 വയസിനു മുകളിലുള്ള ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി കാര്യക്ഷമമായ പരിശീലന സൗകര്യങ്ങൾ സംസ്ഥാനത്തു പര്യാപ്തമല്ലാത്തത് ഈമേഖലയിൽ കടുത്ത അരക്ഷിതാവസ്ഥയ്ക്കു കാരണമായിട്ടുണ്ടെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ ഗ്രാന്റ് നൽകുന്ന സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി 23 വയസാണ്. കേരള സർക്കാർ അംഗീകാരം നൽകി ഗ്രാന്റ് നൽകുന്ന സ്പെഷൽ സ്കൂളുകളിലെയും വിദ്യാർഥികളുടെയും പ്രായപരിധി 18 വയസായി നിജപ്പെടുത്തിയിരിക്കുന്നത് 23 വയസായി പുനർനിശ്ചയിക്കണം. അല്ലാത്ത പക്ഷം ഇത് ഈ മേഖലയെ തളർത്തുമെന്നും നിരവധി സ്കൂളുകൾ പൂട്ടിപ്പോകാൻ കാരണമാകുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു.
ആശ്വാസകിരണം കുടിശികയില്ലാതെ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും നൽകാൻ തയാറാകണം.
നിരാമയ ഇൻഷ്വറൻസ് പ്രീമിയം മുമ്പ് കേരള സർക്കാർ അടച്ചിരുന്നത് നിർത്തലാക്കിയ നടപടി പിൻവലിക്കണം. സംസ്ഥാനത്ത് 18 വയസിൽ താഴെ ഒരു കുട്ടി ഉണ്ട് എങ്കിൽ ബഡ്സ് സ്കൂളുകൾക്ക് അംഗീകാരവും ധനസഹായവും നൽകുന്നുണ്ട്. എന്നാൽ എട്ട് കുട്ടികളെങ്കിലുമുള്ള സ്പെഷൽ സ്കൂളുകൾക്ക് അംഗീകാരം നൽകാൻ തയാറാകണം. ഭിന്ന ശേഷിക്കാർക്ക് സമൂഹ്യ സുരക്ഷ പെൻഷൻ 2000 രൂപയായി വർധിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംയുക്ത സമരസമിതി ഭാരവാഹികളായ ലത രാജേഷ്, റിജി തുളസീധരൻ, പി.ഒ. ബിജു മോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.