സ്വരാജ് ട്രോഫി അരുവാപ്പുലത്തിന്, മഹാത്മ പുരസ്കാരനിറവിൽ ഓമല്ലൂർ
1515229
Tuesday, February 18, 2025 1:57 AM IST
പത്തനംതിട്ട: മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നേടിയപ്പോൾ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സംസ്ഥാനതലത്തിൽ പുരസ്കാരത്തിന് ജില്ലയിൽ നിന്ന് ഒരു തദ്ദേശസ്ഥാപനവും ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച നേട്ടത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം ഓമല്ലൂർ ഗ്രാമപഞ്ചായത്തിന്. രണ്ടാം സ്ഥാനം കൊടുമൺ ഗ്രാമപഞ്ചായത്തിനാണ്.
വിവിധ വിഷയങ്ങളിലെ മികവ് പരിഗണിച്ച്, ഓരോ വിഭാഗത്തിലും മാർക്ക് രേഖപ്പെടുത്തിയാണു വിദഗ്ധ സമിതി ജില്ലയിലെ 53 പഞ്ചായത്തുകളില്‍ മികച്ചതായി അരുവാപ്പുലത്തെ തെരഞ്ഞെടുത്തത്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. രണ്ടാംസ്ഥാനത്തിന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന് പത്തുലക്ഷം രൂപയാണ് ലഭിക്കുക.
ഭരണ മികവിൽ സ്വരാജ് ട്രോഫി നിലനിർത്തി അരുവാപ്പുലം
അരുവാപ്പുലം: ഭരണ മികവിൽ തുടർച്ചയായ രണ്ടാംവർഷവും സ്വരാജ് ട്രോഫി നിലനിർത്തിയിരിക്കുകയാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഭരണത്തലപ്പത്തുള്ള പഞ്ചായത്താണ് അരുവാപ്പുലം. കഴിഞ്ഞ നാലുവർഷവും യുവ പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തന മികവിനുള്ള അംഗീകാരമായി സ്വരാജ് ട്രോഫിയുടെ രണ്ടാംവരവ്.
സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിനു പുറമേ, നൂതന പദ്ധതികളുടെ നടത്തിപ്പ്, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, സംസ്ഥാന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യസംസ്കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
241 ചതുരശ്ര കിലോമീറ്ററിലായി ജില്ലയില്‍ ഭൂവിസ്തൃതി കൂടിയതും തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്നതുമായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് വനമേഖലകളും പട്ടിക വര്‍ഗ കോളനികളും ഉള്‍പ്പെടുന്ന വിശാലമായ പ്രദേശങ്ങളാണ് പരിധിയിലുള്ളത്.

8.65 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ മേഖലകളില്‍ പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പിലാക്കിയത്.
സംസ്ഥാനത്തെ ആദ്യത്തെ കർഷക കഫെ, ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡിൽ അരുവാപ്പുലം ചില്ലീസ് എന്ന പേരിൽ മുളകുപൊടി, വയോജന ക്ലബുകൾ,സംസാര വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള സ്പീച് തെറാപ്പി-ബി ദ സൗണ്ട്, ഗുണനിലവാരമുള്ള ഗ്രാഫ്റ്റ് ഫലവൃക്ഷത്തൈകൾ വിതരണ ചെയ്യുന്ന ഫ്രൂട്ട് വില്ലേജ് പദ്ധതി, ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യുട്രി ട്രൈബ് പദ്ധതി, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തിയ വിനോദ യാത്ര സന്തോഷയാനം, കൂടാതെ മുട്ട, പാല് എന്നിവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികള്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനുവേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതികള്‍ എന്നിവ പൊതുജന ശ്രദ്ധ നേടിയവ ആയിരുന്നു.
ലൈഫ് ഭവനപദ്ധതിയില്‍ നൂറിലധികം വീടുകളുടെ നിർമാണം കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തീകരിച്ചതും നേട്ടമായി. മാലിന്യ നിര്‍മാര്‍ജനരംഗത്ത് ഹരിതകർമസേനയുടെ സഹായത്തോടെ ക്ലീൻ അരുവാപ്പുലം എന്ന ലക്ഷ്യം പൂർത്തീകരിച്ചു വരികയാണ്.
എല്ലാ വീട്ടിലും ബയോബിന്‍ പദ്ധതി, എല്ലാ വാര്‍ഡിലും മിനി എംസിഎഫ്,പഞ്ചായത്ത് കേന്ദ്രീകരിച്ചു 30 ലക്ഷം രൂപ മുടക്കി കേന്ദ്രികൃത എംസിഎഫ് എന്നതിനൊപ്പം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കുന്നതിന്റെ ആദ്യഘട്ടവും ഗ്രാമപഞ്ചായത്ത് പൂര്‍ത്തീകരിച്ചു. മലയോര മേഖലയായ അരുവാപ്പുലത്ത് എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യം നേടുന്നതിനായി ജലജീവൻ മിഷൻ പദ്ധതിക്കുപുറമേ ആരംഭിച്ച ആറ് കുടിവെള്ള പദ്ധതികൾ അവസാന ഘട്ടത്തിലാണ്.
പൊതുജനങ്ങള്‍ ഭരണസമിതിയില്‍ അര്‍പ്പിച്ച വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും നിർവഹണ ഉദ്യോഗസ്ഥരും കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകരും കൂട്ടായി പ്രയത്നിച്ചതിന്റെഫലമാണ് എല്ലാ മേഖലയിലും മികവ് പുലർത്തി സ്വരാജ് ട്രോഫി നിലനിർത്തനായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി പറഞ്ഞു.
സ്വരാജ് ട്രോഫിയിൽ രണ്ടാംസ്ഥാനം പന്തളം തെക്കേക്കരയ്ക്ക്
പന്തളം: മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ജില്ലാതലത്തിൽ രണ്ടാം സ്ഥാനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്. രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. കാർഷിക മേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, കുടുംബശ്രീയുമായി സംയോജിച്ചു നടപ്പിലാക്കിയ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും വിതരണവും പഞ്ചായത്തിന് അവാർഡിന് അർഹരാക്കിയത്.

കാർഷിക മേഖലയിൽ പന്തളം തെക്കേക്കരയിൽ മികച്ച ഉണർവാണുണ്ടാക്കിയിരിക്കുന്നത്. പച്ചക്കറികൾ, പൂക്കൾ എന്നിവരുടെ ഉത്പാദനത്തിൽ മികവ് പുലർത്താനായി. മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് ഉൾപ്പെടെ പഞ്ചായത്ത് നേരത്തെ സ്വന്തമാക്കിയിരുന്നു. തനതു പ്രവർത്തനങ്ങളുടെ മികവാണ് പഞ്ചായത്തിനെ മികവിലേക്ക് നയിച്ചതെന്ന് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് പറഞ്ഞു.
ഓമല്ലൂർ പുരസ്കാരം നേടുന്നത് തുടർച്ചയായ രണ്ടാം വർഷം
ഓമല്ലൂർ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള മഹാത്മപുരസ്കാരം ഓമല്ലൂർ ഗ്രാമപഞ്ചായത്തിന് തുടർച്ചയായ രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വർഷത്തെ പ്രവർത്തന മികവിനാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
തൊഴിലാളികളിൽ 70 ശതമാനത്തിനു മുകളിലുള്ളവരും 100 ദിവസം പൂർത്തികരിച്ചു. ശരാശരി തൊഴിൽ ദിനം 83 നു മുകളിലാണ് . പട്ടിക വർഗ കുടുംബങ്ങൾക്ക് 100 ദിവസവും തൊഴിൽ ഉറപ്പ് വരുത്തി. 9.55 കോടി രൂപയാണ് ഇക്കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിച്ചത്. ശുചിത്വ മാലിന്യ പ്രവൃത്തികൾക്ക് മുൻഗണന നൽകി ഗ്രാമീണ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. നാടിന്റെ സമസ്ത മേഖലയിലും തൊഴിലുറപ്പിൽ ഇടപെടൽ നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു.
കോളനികളിൽ ശുചിത്വ മാലിന്യ സംവിധാനങ്ങളായ സോക്ക് പിറ്റുകൾ, കമ്പോസ്റ്റ് പിറ്റുകൾ എന്നിവ നിർമിച്ചും പൊതു സ്ഥലങ്ങളിൽ എംസിഎഫുകൾ സ്ഥാപിച്ചും മാലിന്യ ശേഖരണം നടപ്പാക്കി. ഹരിത കർമസേനയുടെ പ്രവർത്തനവും ശ്രദ്ധേയമായ രീതിയിൽ നടത്താനായി.
കാർഷിക മേഖലയ്ക്ക് സഹായകമായി തരിശു ഭൂമികൾ കൃഷിയോഗ്യമാക്കിയും ഓണം വിപണി ലക്ഷ്യമിട്ടു ചെണ്ടുമല്ലി കൃഷി വ്യാപകമാക്കിയും ഓമല്ലൂർ മികച്ച നേട്ടമുണ്ടാക്കി. കാർഷിക ഗ്രാമമായ ഓമല്ലൂരിന് ഉണർത്തുപാട്ടായി തരിശുനില കൃഷി മാറുകയായിരുന്നുവെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ക്ഷീരകർഷകർക്ക് കാലിത്തൊഴുത്തുകൾ തീറ്റപുൽക്കൃഷി എന്നിവ നടപ്പിലാക്കി. ഇവയ്ക്കു പുറമേ ആട്ടിൻകൂടുകൾ കോഴിക്കൂടുകൾ എന്നിവ വാർഡുകളിൽ ധാരാളമായി നിർമിച്ചു.
കോളനികളിൽ കാർഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമായി കിണറുകൾ കിണർ റീചാർജുകൾ നടപ്പിലാക്കി.
പൊതു ശുചിത്വ സംവിധാനമായി ഓമല്ലൂർ മാർക്കറ്റിൽ വലിയ കമ്പോസ്റ്റ് സംവിധാനം നിർമിച്ചതും പൊതു കുളങ്ങൾ, തോടുകൾ എന്നിവ വശങ്ങൾ കെട്ടി സംരക്ഷിച്ചതും നേട്ടമായി. 6000 തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ചു വീടുകളിൽ നട്ടു നൽകി. ഫലവൃക്ഷ ത്തൈകൾ പൊതു ഭൂമികളിൽ നട്ടു വളർത്തുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. മീൻ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് കുളങ്ങൾ നിർമിച്ചു.അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി മുള്ളനിക്കാട് വാർഡിൽ അര ഏക്കറിൽ ചേറ്റൂർചാൽ വീണ്ടെടുത്ത് ആഴം കൂട്ടി വശങ്ങൾ ബലപ്പെടുത്തി കൃഷിക്കും മൽസ്യ കൃഷിക്കും ഉപയോഗിക്കുന്നു.
സമസ്ത മേഖലകളെയും കോർത്തിണക്കിയാണ് ഓമല്ലൂരിൽ തൊഴിലുറപ്പ് പദ്ധതി മുന്നേറുന്നത് അങ്കണവാടി കെട്ടിടങ്ങൾ സ്കൂളുകളിൽ പാചകപ്പുര ഡൈനിംഗ് ഹാളുകൾ കലുങ്കുകൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ചിട്ടുണ്ട്.
മഹാത്മ പുരസ്കാര നിറവിൽ കൊടുമൺ രണ്ടാമത്
കൊടുമൺ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്കാരത്തിന് കൊടുമൺ ഗ്രാമപഞ്ചായത്തിനു രണ്ടാം സ്ഥാനം.

2023-24 സാമ്പത്തിക വർഷം 6.82 കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയത്. പഞ്ചായത്തിൽ സജീവമായി പണിയെടുക്കുന്ന2532 തൊഴിലാളികളാണുള്ളത് അതിൽ 1,10 4 തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ 1,54,116 തൊഴിൽ ദിനങ്ങളും സൃഷിച്ചു.
പരിസ്ഥിതി എൻജിനിയറിംഗിന്റെ ഭാഗമായി മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകിയത്. ഭൂമി തട്ടു തിരിക്കൽ, മഴക്കാലങ്ങളിൽ ജലം സംഭരിക്കുന്നതിനുള്ള മഴക്കുഴികൾ, മണ്ണൊലിപ്പ് തടയുന്നതിനുള്ള മൺകയ്യാലകൾ, ജല സ്രോതസുകളുടെ നീകരണ, കുളം നിർമാണം, തോട് നവീകരണ പ്രവർത്തനങ്ങൾ, കിണർ നിർമാണം കിണർ റീച്ചാർജിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കേറ്റെടുത്ത് നടപ്പാക്കി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളായ സോക്പിറ്റ് നിർമാണം, കമ്പോസ്റ്റ് പിറ്റ് എന്നീ പദ്ധതികളും നടപ്പാക്കി.
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് വ്യക്തികളുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള കാലിത്തൊഴുത്ത്, ആട്ടിൻകൂട്, വർക്ക് ഷെഡ് തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്തതായി പ്രസിഡന്റ് കെ.കെ. ശ്രീധരൻ പറഞ്ഞു.