അങ്ങാടി വലിയതോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി
1514978
Monday, February 17, 2025 3:43 AM IST
റാന്നി: അങ്ങാടി വലിയതോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരുകോടി രൂപ ചെലവ് വരുന്ന പ്രവൃത്തികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. തോടിന്റെ ആഴം വര്‍ധിപ്പിക്കല്‍, വശംകെട്ടി സംരക്ഷിക്കല്‍, നടപ്പാത നിര്‍മാണം, തോടിന്റെ തിട്ടലിടഞ്ഞ് അപകടാവസ്ഥയിലായ വീടുകളുടെ സംരക്ഷണഭിത്തി നിര്‍മാണം എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വലിയ തോട്ടില്‍ മണ്‍പുറ്റ് അടിഞ്ഞതിനാല്‍ ചെറിയ മഴപെയ്താല്‍ പോലും ജലനിരപ്പ് ഉയര്‍ന്ന് അങ്ങാടി-വലിയകാവ് റോഡിലെ പുള്ളോലി ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് നിത്യസംഭവമായിരുന്നു. ഇതു പരിഹരിക്കാനാണ് ഈ ഭാഗത്ത് മണ്ണു നീക്കി തോടിന്റെ ആഴം കൂട്ടുന്നത്. അതുപോലെ ഇവിടങ്ങളില്‍ തോടിന് സംരക്ഷണഭിത്തിയും നിര്‍മിക്കുന്നുണ്ട്.
തോടിന്റെ മാമുക്ക് കൊച്ചുപാലത്തിന്റെ ഇരുവശങ്ങളിലുമായി സംരക്ഷണഭിത്തിയും മുകളിലൂടെ നടപ്പാതയും നിര്‍മിക്കും. സായാഹ്ന സവാരിക്ക് ഉള്‍പ്പെടെ പ്രയോജനം ചെയ്യുന്ന പ്രവൃത്തികള്‍ ടൗൺ സൗന്ദര്യവത്കരിക്കുന്നതിന്റെ കൂടി ഭാഗമാകും.
പ്രമോദ് നാരായണ്‍ എംഎല്‍എയാണ് ഈ നിര്‍ദേശം വച്ചത്. കുത്തൊഴുക്കുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റിംഗും അല്ലാത്തിടങ്ങളില്‍ കല്ക്കെട്ടുകളുമായാണ് സംരക്ഷണഭിത്തി നിര്‍മിക്കുക. ഈ നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.