നവീൻ ബാബുവിന്റെ മരണം: കളക്ടർക്കെതിരേ നടപടിയില്ലാത്തതിൽ ചീഫ് സെക്രട്ടറിക്ക് അപ്പീൽ അപേക്ഷ
1531900
Tuesday, March 11, 2025 6:29 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ കളക്ടർ അരുൺ കെ. വിജയന് എതിരെ അച്ചടക്ക നടപടി ശിപാർശ ചെയ്യാത്ത ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിക്ക് അപ്പീൽ അപേക്ഷ.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് അപമാനപ്പെടുന്ന ചടങ്ങായി മാറിയത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലായതിനാൽ അരുൺ കെ. വിജയന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്ന് അഭിഭാഷകനായ കുളത്തൂർ ജയസിംഗ് സമർപ്പിച്ച അപ്പീൽ അപേക്ഷയിൽ പറയുന്നു.
റവന്യൂ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ കീഴിലോ നിയന്ത്രണത്തിലോ പ്രവർത്തിക്കുന്ന സ്ഥാപനമല്ല. അതിനാൽ കളക്ടറേറ്റ് ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിക്കേണ്ടതില്ല . യോഗവേദിയിൽ ദിവ്യയ്ക്ക് പ്രസംഗിക്കുവാനും മറ്റും അവസരം നൽകിയതിലൂടെ ഗുരുതര വീഴ്ച കളക്ടറുടെ ഭാഗത്തു നിന്ന് ഉണ്ടായി.
നവീൻ ബാബുവിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഇല്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ കൃത്യമായി വെളിപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിലെ ഉള്ളടക്കം വസ്തുതാപരവും നീതിയുക്തവുമാണ് .എന്നാൽ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുവാൻ കളക്ടറേറ്റിലെ യോഗവേദി ഉപയോഗപ്പെടുത്തുവാൻ ദിവ്യയ്ക്ക് അവസരം ഉണ്ടായ സാഹചര്യം പരിഗണിച്ച് കളക്ടർക്ക് എതിരേ നടപടി വേണമെന്ന ശിപാർശ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ ഉണ്ടായിട്ടില്ലെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി ഇതിനാൽ റിപ്പോർട്ട് അപൂർണമാണെന്നും റിപ്പോർട്ടിലെ വസ്തുതകൾ സർക്കാർ വീണ്ടും നീതിപൂർവം പരിശോധിക്കേണ്ടതുമാണെന്നുമാണ് ആവശ്യം.