അധികാരങ്ങളും അവകാശങ്ങളും തിരിച്ചറിയാനുള്ള അവകാശമുണ്ട്: ചീഫ് വിപ്പ്
1531535
Monday, March 10, 2025 3:33 AM IST
മല്ലപ്പള്ളി: അധികാരങ്ങളും അവകാശങ്ങളും തിരിച്ചറിയാനുള്ള അവകാശം നമുക്കുണ്ടെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്. മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ മൂല്യങ്ങള്‍ അടിസ്ഥാനപരമായ തത്ത്വങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഫെഡറലിസം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാന്നെന്നും, ഭരണഘടന നിലനിര്‍ത്തുകയും അതിന്റെ മൂല്യങ്ങളെ സംരക്ഷിക്കാനുമുള്ള ബാധ്യതയും നമുക്കുണ്ടെന്നും ഭരണഘടനയെക്കുറിച്ച് കൃത്യമായി മനസിലാക്കുകയും പഠിക്കുകയും വേണമെന്നും ചീഫ് വിപ്പ് പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജിനോയ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ആര്. രാധാകൃഷ്ണന് വിഷയാവതരണം നടത്തി. വായനമത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി. ജെ. ഫിലിപ്പ് നിര്‍വഹിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.ജി. ആനന്ദന്, താലൂക്ക് സെക്രട്ടറി കെ.രമേശ് ചന്ദ്രൻ, ജോസ് കുറഞ്ഞൂര്‍, തോമസ് മാത്യൂ, സി.എസ്. ശാലിനിക്കുട്ടിയമ്മ, ബി. വിജയ സാഗര്‍ , തമ്പി കോലത്ത്, വി.കെ. സുകുമാരൻ, പി.പി. ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.