ഏനാദിമംഗലത്ത് മാലിന്യ സംസ്കരണ പ്ലാന്റുമായി ഐഎംഎ മുന്നോട്ട്
1531543
Monday, March 10, 2025 3:47 AM IST
പത്തനംതിട്ട: ഏനാദിമംഗലത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സ്ഥാപിക്കാനുദ്ദേശിക്കുന്ന ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുമെന്നുറപ്പായി.
മാലിന്യ സംസ്കരണ പ്ലാന്റിന് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥോറിറ്റിയുടെ അനുമതി ലഭിച്ചതിനു പിന്നാലെ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചന. 44 നിബന്ധനകളോടെയാണ് അനുമതി. ഇതില്‍ പ്രാദേശികമായ സമിതി രൂപവത്കരണം ഉള്‍പ്പെടെയുണ്ട്.
പ്രദേശത്തെ കിണറുകളിലെ സാമ്പിള്‍ അടക്കം പരിശോധിച്ചു റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതുണ്ട്. വിശദമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലേ അന്തിമ അനുമതി ലഭിക്കുകയുള്ളൂ. വര്‍ഷങ്ങളായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് പ്ലാന്റ് ചൂണ്ടിക്കാട്ടിയാണ് ഏനാദിമംഗലത്ത് ഐഎംഎ പ്രചാരണം നടത്തിയത്.
യാതൊരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും നിലവില്‍ പ്ലാന്റിനില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിദഗ്ധസംഘം സാങ്കേതിക സഹായത്തോടെ നിരന്തരം നിരീക്ഷണം നടത്തിയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നും കുറെക്കൂടി മെച്ചപ്പെട്ട സംവിധാനങ്ങളാകും ഏനാദിമംഗലം ഇളമണ്ണൂര്‍ പ്ലാന്റില്‍ ഉണ്ടാകുകയെന്നും പറയുന്നു.
ഏനാദിമംഗലം ഇളമണ്ണൂരില്‍ കിന്‍ഫ്ര പാര്‍ക്കിനോടു ചേര്‍ന്ന സ്ഥലത്താണ് നിര്‍ദ്ദിഷ്ട പ്ലാന്റിനു സ്ഥലം നിര്‍ണയിച്ചിട്ടുള്ളത്. പ്രാദേശികമായ എതിര്‍പ്പ് കാരണം പദ്ധതി പ്രവര്‍ത്തനം ഇടയ്ക്ക് മന്ദീഭവിച്ചിരുന്നു. പത്തുവര്‍ഷത്തെ പാരിസ്ഥിതികാനുമതിയാണ് കഴിഞ്ഞ ഫെബ്രുവരി 25നു ചേര്‍ന്ന അഥോറിറ്റി യോഗം നല്‍കിയത്.
തെക്കന്‍ ജില്ലകളിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രി മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുവേണ്ടിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നിലവില്‍ പാലക്കാട് മാത്രമാണ് ഐഎംഎയ്ക്കു പ്ലാന്റുള്ളത്. ഇതിന്റെ സ്ഥാപിതശേഷി കവിയുന്ന സാഹചര്യത്തിലാണ് പുതിയ ഒരു പ്ലാന്റിനു കൂടി അനുമതി തേടിയത്. പുതിയ പ്ലാന്റ് സംസ്ഥാനത്തുണ്ടാകുന്നില്ലെങ്കില് ഗുരുതരമായ ബയോ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന പ്രശ്നം നേരിടേണ്ടിവരുമെന്ന് ഐഎംഎ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കിന്‍ഫ്ര പാര്‍ക്കിലെ ഫുഡ് പ്രോസസിംഗ് യൂണിറ്റുകളില്‍ നിന്ന് 100 മീറ്റർ മാത്രം അകലം പാലിച്ചാണ് ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പറയുന്നു. കിണറുകൾ, അരുവികള്‍ തോടുകള്‍, കുളങ്ങള്‍ എന്നിവ അടക്കം നിരവധി ശുദ്ധജലസ്രോതസുകള്‍ പ്ലാന്റിനു സമീപത്തായുണ്ട്. ഇവയുടെയെല്ലാം സംരക്ഷണം ഉറപ്പാക്കി മാത്രമേ പദ്ധതി മുന്നോട്ടുപോകാവൂവെന്ന് വ്യവസ്ഥയിലുണ്ട്.
മാലിന്യ സംസ്കരണ പ്ലാന്റ് അനുമതി; തീരുമാനത്തിനു പിന്നില്‍ സംസ്ഥാന മന്ത്രിമാരെന്ന് ഡിസിസി പ്രസിഡന്റ്
പത്തനംതിട്ട: ഏനാദിമംഗലം ഇളമണ്ണൂര്‍ കിന്‍ഫ്ര ഭക്ഷ്യ സംസ്ക്കരണ പാര്‍ക്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സംസ്ഥാന പാരിസ്ഥിതിക അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥോറിറ്റിയുടേയും നടപടി ഏനാദിമംഗലം പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
ഏറ്റവും അധികം ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കേണ്ട കില്‍ഫ്ര ഭക്ഷ്യ സംസ്കരണ പാര്ക്കിന് സമീപം തന്നെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നന്നതിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയുള്ള വലിയ സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാലിന്യ പ്ലാന്റിനെതിരായി എല്ലാ ജനങ്ങളേയും അണിനിരത്തി ജനകീയ സമിതി മാസങ്ങളായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിച്ചുള്ള ജനവിരുദ്ധ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഇതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. അനുമതി തീരുമാനത്തിന് പിന്നില്‍ സംസ്ഥാന ധന, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ ഇടപെടലുകള്‍ ഉണ്ടെന്ന് പ്രദേശ വാസികളും പൊതു സമൂഹവും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനപ്രതിനിധികളാണെങ്കില്‍ മാലിന്യ സംസ്കരണ പ്ലാന്റിനുള്ള പാരിസ്ഥിക അനുമതി പിന്‍വലിക്കുവാന്‍ ഈ മന്ത്രിമാര്‍ ഇടപെടണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തീരുമാനവുമായി മുന്നോട്ടു പോയാല്‍ പ്ലാന്റ് നിര്‍മാണം തടയുന്നത് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.