പകൽച്ചൂടിന്റെ കാഠിന്യം ഏറി; ജാഗ്രതാനിർദേശം
1531906
Tuesday, March 11, 2025 6:29 AM IST
പത്തനംതിട്ട: പകൽ താപനില ഉയർന്നതിനു പിന്നാലെ മുന്നറിയിപ്പുകളുമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി. ഇന്നലെ 38 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ ഉച്ചയോടെ ജില്ലയിൽ രേഖപ്പെടുത്തിയത്.
ശക്തമായ ചൂടാണ് രാവിലെ പത്തുമുതൽ അനുഭവപ്പെട്ടത്. ഇത് വൈകുന്നേരം അഞ്ചുവരെയും തുടർന്നു. അന്തരീക്ഷ താപനില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ എല്ലാ വകുപ്പുകളും കൃത്യതയോടെ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ കളക്ടർ എസ്. പ്രേംകൃഷ്ണന്‍ നിർദേശിച്ചു.
വേനലിന്റെ രൂക്ഷതയിൽ കുടിവെള്ള ക്ഷാമം പലപ്രദേശങ്ങളിലും അനുഭവപ്പെടുന്നതിനാൽ പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണത്തിനു നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ പറഞ്ഞു. ജലസ്രോതസുകളില്‍ മലിനീകരണം ഇല്ലെന്ന് ഉറപ്പാക്കണം. തൊഴില്‍ സ്ഥലങ്ങളില്‍ താത്കാലിക വിശ്രമ സൗകര്യവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. പൈപ്പുകൾ, ടാപ്പുകള്‍, കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തുടങ്ങിയവയ്ക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ നടത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
കൃഷിക്കായി ഭൂഗര്‍ജല വിനിയോഗം ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. കുടിവെള്ളത്തിന് മുന്‍ഗണനയെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കണം. വൈക്കോലിന് തീയിടുന്നതും പൊതുസ്ഥലത്തു തീ കത്തിക്കുന്നതും ഒഴിവാക്കണം. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടൂന്ന അമ്മമാർ, വനിതകള്‍, രോഗികള്‍ പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം. അങ്കനവാടികളിലെ കുട്ടികളെ പകല്‍ 11 മുതല്‍ മൂന്ന് വരെ പുറത്തുവിടരുത്.
തൊഴില്‍ സമയം പുനഃക്രമീകരിച്ച ഉത്തരവ് പാലിക്കണമെന്നും അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം ഉറപ്പാക്കണമെന്നും നിര്‍ദേശം നല്കി. പരീക്ഷാ സമയങ്ങളില്‍ വിദ്യാർഥികള്‍ക്ക് കുടിവെള്ളവും ക്ലാസ് മുറികളില്‍ ഫാനുകളും കൃത്യമായ വായു സഞ്ചാരവും ഉണ്ടെന്ന് ഉറപ്പാക്കണം. ചൂട് കാഠിന്യമേറിയ സമയങ്ങളില്‍ ട്യൂഷന് ക്ലാസുകൾ, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നടത്തരുത്. സ്കൂളുകളില്‍ അസംബ്ലികൾ, പിറ്റി പിരിയഡുകള്‍ എന്നിവ നിയന്ത്രിക്കും. വിദ്യാർഥികള്‍ക്കും രക്ഷിതാക്കളിലും സൂര്യാഘാതത്തെ സംബന്ധിച്ചു ബോധവത്കരണം നല്‍കും.
പടക്കശാലകള്‍, വെടിമരുന്ന് ശാലകള്‍ എന്നിവിടങ്ങളില്‍ കൃത്യമായ പരിശോധന അഗ്നി സുരക്ഷാ സേന വകുപ്പ് നടത്തും. വേനല്‍ക്കാലം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് ഉറപ്പാക്കും.
ഏറ്റവും രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന പകല്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.