പത്മകുമാര്‍ പാര്‍ട്ടിയില്‍ വിവാദങ്ങളുടെ കളിത്തോഴന്‍
1531909
Tuesday, March 11, 2025 6:35 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ല രൂപീകരിച്ച കാലഘട്ടം മുതല്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എ. പത്മകുമാറുമായി ബന്ധപ്പെട്ടു സിപിഎം ഇതിനു മുമ്പും വിവാദങ്ങളില്‍പെട്ടിട്ടുണ്ട്. 1991ല്‍ കോന്നി നിയസഭ മണ്ഡലത്തില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ അടൂര്‍ പ്രകാശിനോട് ഇതേ മണ്ഡലത്തില്‍ പരാജയപ്പെട്ടു 2001ല്‍ ആറന്മുള മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസിലെ മാലേത്ത് സരളാദേവിയോടു പരാജയപ്പെട്ടു.
1993 മുതൽ സിപിഎം സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്നുണ്ട്. 2017ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. സുപ്രീംകോടതി വിധി പ്രകാരം 2018ല്‍ ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്നു എ. പത്മകുമാര്‍. ഇതുമായി ബന്ധപ്പെട്ടു പത്മകുമാര്‍ നടത്തിയ പ്രസ്താവനകളും നിലപാടുകളും സര്‍ക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കി. അധികം വൈകാതെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനം പത്മകുമാറിനു നഷ്ടപ്പെട്ടു.
സിപിഎമ്മിലുണ്ടായ ചേരിതിരിവുകളുടെ കാലത്ത് ആദ്യം നായനാർ പക്ഷത്തും പിന്നീട് പിണറായി പക്ഷത്തുമായിരുന്നു പത്മകുമാർ. വിഎസ് പക്ഷം പത്തനംതിട്ട ജില്ലയിൽ ആധിപത്യം ഉറപ്പിച്ചപ്പോഴും പിണറായി വിജയനുമായി സംഘടനയിൽ ആത്മബന്ധം അദ്ദേഹം പുലർത്തിയിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ചില തര്‍ക്കങ്ങളുടെ പേരിലും പത്മകുമാര്‍ വെട്ടിലായി. മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹര്ഷകുമാറുമായി വാക്കുതര്‍ക്കവും കൈയാങ്കളിയും ഉണ്ടായെന്ന മാധ്യമ പ്രചാരണമാണ് പത്മകുമാറിനെ വെട്ടിലാക്കിയത്.
പാര്‍ട്ടി വേദിയിലെ പ്രശ്നങ്ങള്‍ പുറംലോകത്തെത്തിച്ചത് പത്മകുമാറാണെന്ന ആക്ഷേപമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് പത്മകുമാറിനെയും ഹര്‍ഷകുമാറിനെയും ഒന്നിച്ചിരുത്തി സംഭവം പാര്‍ട്ടി നിഷേധിച്ചുവെങ്കിലും ഇതിൽ സംസ്ഥാന കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. നടപടി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.