പത്തുവയസുകാരനെ ഉപയോഗിച്ച് ലഹരികടത്ത്; അച്ഛനെതിരേ ബാലനീതി നിയമപ്രകാരം കേസ്
1531532
Monday, March 10, 2025 3:33 AM IST
ലഹരിവിപണിയിലെ ലാഭം; ബന്ധങ്ങള്‍ക്കു പുല്ലുവില
തിരുവല്ല: പത്ത് വയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ കടത്തിയ സംഭവത്തില്‍ കുറ്റാരോപിതനെതിരേ ബാലനീതി നിയമപ്രകാരം കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
പത്തുവയസുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന പരാതിയില്‍ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയാണ്തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഹരി വില്പനയിലും ഉപയോഗത്തിലും പത്തുവയസുകാരനെ ഉപയോഗപ്പെടുത്തിയുള്ള കേസ് ഏറെ ശ്രദ്ധാപൂര്‍വമാണ് കൈകാര്യം ചെയ്യുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. കുറ്റാരോപിതനും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. ഇയാളുടെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ടുദിവസം വൈകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രഥമികമായ തെളിവുശേഖരണത്തിന് വേണ്ടി കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് നടപടി. എറണാകുളത്തുനിന്ന് എത്തിക്കുന്ന എംഡിഎംഎ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പാക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്കൂള്‍, കോളജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്പന നടത്തിയിരുന്നതെന്ന് ഡിവൈഎസ്പി അഷാദ് പറഞ്ഞു.
കഴിഞ്ഞ ആറു മാസമായി ഇയാള്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. 3.78 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പോലീസ് പിടികൂടിയത്. ദേഹപരിശോധനയില്‍ ധരിച്ചിരുന്ന ട്രൗസറിന്റെ വലതുവശം പോക്കറ്റില്‍ സിപ് കവറുകളില്‍ സൂക്ഷിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
കുട്ടിയുടെ ശരീരത്തില്‍ എംഡിഎംഎ ഒട്ടിച്ചുവച്ച് വില്പന
തിരുവല്ലയിലെ പ്രഫഷണല്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പു വച്ച് ഒട്ടിച്ച് എത്തിച്ച് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി. കുട്ടിയുമായി കാറിലോ ബൈക്കിലോ വില്പനയ്ക്കുപോവുകയായിരുന്നു പതിവ്. എന്തോ ഒരു വസ്തു പിതാവ് ശരീരത്തില്‍ ഒട്ടിച്ചുവയ്ക്കുന്നു, പിന്നീട് എടുത്തുമാറ്റുന്നു എന്നുമാത്രമാണ് കുട്ടി മനസിലാക്കിയിരുന്നത്.
ലഹരി വില്പനയ്ക്കിടെ പോലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ മറയാക്കിയിരുന്നതെന്നു പറയുന്നു.
2019 മുതലുള്ള രണ്ടുവര്‍ഷത്തിനിടെ വിവിധ സ്ഥലങ്ങളില്‍ കുട്ടിയെ ഒപ്പം കൂട്ടി സ്കൂട്ടറില്‍ കറങ്ങിനടന്ന് നിരോധിക്കപ്പെട്ട രാസലഹരിമരുന്ന് വില്പന നടത്തുകയും കുട്ടിയെ ഇതിന് മറയാക്കുകയുമായിരുന്നു ഇയാളെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള മൊഴി.
മറ്റു ജോലികളോ വരുമാനമോ ഒന്നുമില്ലാതെ, ലഹരിവസ്തുക്കളുടെ വില്പന നടത്തി ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് തികച്ചും വ്യത്യസ്തമായ വിപണന തന്ത്രം ഇയാള്‍ വെളിപ്പെടുത്തിയത്.
രാസലഹരിവസ്തു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്, നിറമുള്ള സെലോഫൈന്‍ ടേപ്പ് കൊണ്ട് സ്വന്തം ശരീരത്തില്‍ ഒട്ടിച്ചുവച്ച് തിരുവല്ലയിലും പരിസരങ്ങളിലുമുള്ള ആവശ്യക്കാര്‍ക്ക് എത്തിച്ചുവരികയായിരുന്നു ഇയാൾ. സ്കൂട്ടറിലാവും യാത്ര, മകന് ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൂടെകൂട്ടുമായിരുന്നു.
സ്വന്തമായ ഒരു വിപണന ശൃംഖല തന്നെ സൃഷ്ടിച്ച ഇയാള്‍ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കും ലഹരിവസ്തു വില്പന നടത്തി വരികയാണെന്ന് പോലീസിനോട് സമ്മതിച്ചു. ഒരു വര്‍ഷത്തോളമായി ഇങ്ങനെ ചെയ്തു വരുന്നതായും ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.
രാസലഹരിയുടെ വരവ് കര്‍ണാടകയില്‍ നിന്ന്
കര്‍ണാടകയില്‍നിന്നും മറ്റുമാണ് രാസലഹരിവസ്തുക്കള്‍ എത്തിക്കുന്നത്. വിദ്യാര്‍ഥികളെ ഏജന്റുമാരായി ഉപയോഗിക്കുന്നുണ്ടോ, ലഹരിവസ്തുക്കളുടെ സ്രോതസ്, പ്രതിക്ക് കൂട്ടാളികള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു
ഇയാള്‍ റിമാന്ഡിലായതിനെതുടര്ന്ന്, ഭാര്യ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എസ്ഐ മിത്ര വി. മുരളി മൊഴി രേഖപ്പെടുത്തി. ഇവര്‍ വിദേശത്ത് അക്കൗണ്ടന്റായി ജോലി നോക്കുകയാണ്. വീട്ടില്‍ മാതാപിതാക്കളും 12 വയസുള്ള മകനുമാണ് താമസം. 13 വര്‍ഷം മുമ്പാണ് ഷമീറുമായുള്ള വിവാഹം നടന്നത്. ആറു വര്‍ഷമായി ഇയാള്‍ രാസലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി ഇവരുടെ മൊഴിയില്‍ പറയുന്നു.
ഇവര്‍ ഗള്‍ഫില്‍ പോയതിനുശേഷമാണ് ഷമീര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയത്. മകന് ഇയാള്‍ക്കൊപ്പമായിരുന്നു താമസം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നോടൊപ്പം, എംഡിഎംഎ പോലെയുള്ള രാസലഹരി വസ്തുക്കള്‍ പൊതിഞ്ഞ് സ്വന്തം കാല്പാദത്തിനടിയിലും കക്ഷത്തിലും വയറ്റിലും രഹസ്യഭാഗങ്ങളിലും സെല്ലോഫൈന്‍ കൊണ്ട് ഒട്ടിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു വില്പനരീതിയെന്ന് ഭാര്യ പോലീസിനോട് വെളിപ്പെടുത്തി. മകന് കുഞ്ഞായിരിക്കുമ്പോൾ, 2019 മുതല്‍ 2021 വരെയുള്ള കാലയളവിൽ, സ്കൂട്ടറിന്റെ മുന്നില്‍ കുട്ടിയെയും കൂട്ടിയാണ് ഭര്‍ത്താവ് ലഹരിക്കച്ചവടത്തിനു പോയിരുന്നത്.
ഇക്കാര്യത്തില്‍ പലതവണ താക്കീത് കൊടുത്തിട്ടും കേട്ടില്ലെന്നും ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അഞ്ചിന് രാത്രി, ലഹരി ഉപയോഗവും വില്പനയും ചോദ്യം ചെയ്തതിന്റെ പേരില്‍ ഉപദ്രവിച്ചെന്നും കമ്പി കൊണ്ട് ദേഹമാകെ മര്‍ദിക്കുകയും ചെയ്തതായി കാട്ടി ഇവര്‍ പരാതി നല്‍കിയത് പ്രകാരം തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
കേസ് ഇപ്പോള്‍ തിരുവല്ല ഒന്നാക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഇയാളുടെ നിരന്തര ദേഹോപദ്രവവും ലഹരി ഉപയോഗവും കാരണം വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് തിരുവല്ല കുടുംബ കോടതിയില്‍ കേസ് നല്കിയിട്ടുള്ളതായും ഇവരുടെ മൊഴിയില്‍ വ്യക്തമാക്കി.
ഭര്‍ത്താവിനെ ഭയന്നാണ് ഇതുവരെ പോലീസില്‍ പരാതിപ്പെടാഞ്ഞതെന്നും ഇപ്പോള്‍ റിമാന്‍ഡ് ആയ ധൈര്യത്തിലാണ് ഇതിനു മുതിര്‍ന്നതെന്നും വെളിപ്പെടുത്തി. വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് തുടര്‍ന്ന്, ബാലനീതി നിയമത്തിലെ വകുപ്പ് 78 പ്രകാരം മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.