കെഐപി കനാലിൽ ജലമൊഴുക്ക് തടസപ്പെട്ടു
1531898
Tuesday, March 11, 2025 6:29 AM IST
അടൂർ: കനാൽ തുറന്നുവിട്ടാലും വെള്ളം ഒഴുകി എത്താത്തതിനാൽ കർഷകർ വലയുന്നു. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയാണ് അടൂർ, കൊട്ടാരക്കര, ശാസ്താംകോട്ട, കരുനാഗപ്പള്ളി, മാവേലിക്കര തുടങ്ങിയ താലൂക്കിലെ കൃഷി ആവശ്യത്തിനു വെള്ളം എത്തിക്കുന്നത്.
പ്രധാന കനാലുകളിൽ നിന്നും വെള്ളം തിരിഞ്ഞ് ഉപകനാലുകളിൽ കൂടി ഒഴുക്കുന്നുമുണ്ട്. എന്നാൽ പ്രധാന കനാലിലും ഉപകനാലുകളിലും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കനാലിലെ വെള്ളത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്ന കർഷകർ കനാൽ തുറന്നു വിടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിലുമാണ്. അശാസ്ത്രീയമായ രീതിയിലാണ് കനാൽ തുറന്ന് വെള്ളം ഒഴുക്കുന്നത്.
കനാലിന്റെ അറ്റകുറ്റപ്പണികൾ പൂർണമായി നടത്താറില്ല. കാടു തെളിച്ചതൊഴിച്ചാൽ കനാൽ ശുദ്ധീകരണത്തിനു നടപടിയില്ല. വെള്ളം എത്താതെ വന്നതോടെ കാർഷിക മേഖല കരിഞ്ഞു തുടങ്ങി. തീരങ്ങളിലെ കിണറുകളിലെ ജലനിരപ്പ് ക്രമീകരിച്ചിരുന്നത് കനാൽ വെള്ളമാണ്. പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങൾക്കും കനാൽ ജലം ഉപകരിച്ചിരുന്നു.
കനാലിൽ ചെളിയും മണ്ണും
കനാലുകളിൽ ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നതാണ് വെള്ളം ഒഴുകിപ്പോകാൻ തടസമാകുന്നത്. നാളുകളായി മണ്ണ് അടിഞ്ഞുകിടക്കുകയാണ്.
പ്രധാന ഷട്ടർ സ്ഥിതി ചെയ്യുന്ന ഏഴംകുളം ഉടയൻ മുറ്റം ക്ഷേത്രം മുതൽ അറുകാലിക്കൽ, കോട്ടമുകൾ, ജനശക്തി നഗർ, നെല്ലിമുകൾ, ശൂര്യനാട് തുടങ്ങി എല്ലാ സ്ഥലത്തും കുറഞ്ഞത് ഒരു മീറ്റർ ഉയരത്തിൽ ചെളിയും മണ്ണും നാളുകളായി അടിഞ്ഞുകൂടി കിടന്നു വെള്ളം ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വരും വർഷങ്ങളിലും ജലസേചനം പൂർണതോതിൽ നടക്കണമെങ്കിൽ ഇവ നീക്കം ചെയ്യണം. കനാൽ തീരങ്ങളിലെ ക്ഷേത്രങ്ങളിലെ ഉത്സവ സമയത്തെ അപകടം ഒഴിവാക്കാനായി കനാൽ ഷട്ടർ രണ്ടും മുന്നും ദിവസം അടച്ചിടുന്നതും കർഷകർക്കു വെള്ളം കിട്ടുന്നതിനു തടസമാണ്. പ്രാദേശിക സമ്മർദത്തിനു പുറത്തും ഉപകനാലുകൾ അടച്ച് വെള്ളം തിരിച്ചുവിടാറുണ്ട്.
ഉദ്യോഗസ്ഥരെ വിളിച്ച് കനാലിൽ വെള്ളം കിട്ടുന്നില്ലെന്നു പരാതിപ്പെടുമ്പോൾ മറ്റു ഭാഗങ്ങളിലെ ഷട്ടർ അടച്ച് ജനപ്രതിനിധികളുടെ പരാതി പരിഹരിക്കുന്ന സമീപനമുണ്ട്.കനാൽ വെള്ളം ലഭിക്കുന്നതിനുവേണ്ടി കെഐപി അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിൽ സ്ഥിരം പ്രതിഷേധക്കാരുണ്ട്. ഇന്നലെ ഏറത്ത് അന്തിച്ചിറ നിവാസികളാണ് പ്രതിഷേധിച്ചത്.
എക്സിക്യൂട്ടീവ് എൻജിനിയർ സരിത ജോൺ ബോസ്കോയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വൈകുന്നേരം അഞ്ചിനു മുമ്പായി വെള്ളം എത്തിക്കാമെന്ന ധാരണയിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.