മട്ടുപ്പാവ് കൃഷിയില്‍ ഇനി അട്ടത്തോട് സ്കൂള്‍ തിളങ്ങും
1531534
Monday, March 10, 2025 3:33 AM IST
നിലയ്ക്കൽ: വനാന്തര മേഖലയില്‍ ശ്രദ്ധേയമായ മാറ്റത്തിനൊരുങ്ങുകയാണ് അട്ടത്തോട് ട്രൈബല്‍ സ്കൂൾ. കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമായ സ്കൂള്‍ പരിസരത്തു പച്ചപ്പ് ഒരുക്കാനാകില്ലെന്നു കണ്ടതോടെയാണ് സ്കൂള്‍ അധികൃതര്‍ മട്ടുപ്പാവ് കൃഷിയിലേക്ക് തിരിയുന്നത്.
സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ഇനി സ്കൂളിലെ മട്ടുപ്പാവില്‍ വിളയിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റര് ബിജു തോമസ് പറഞ്ഞു. നിലയ്ക്കലില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 300 പോട്ടുകളിലാണ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൃഷി. 98,000 രൂപയുടെ പദ്ധതിയാണിത്.
ആദിവാസി മേഖലയിലെ സ്കൂളില്‍ ആദ്യമായാണ് മട്ടുപ്പാവ് കൃഷി ആരംഭിക്കുന്നത്. വിഷരഹിത പച്ചക്കറിയിലൂടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്തുകയുമാകാം. കാട്ടാനയെയും കാട്ടുപന്നിയെയും ഭയപ്പെടുകയും വേണ്ട.
വഴുതന, തക്കാളി, പയർ, പാവൽ, വെണ്ട, മുളക് തുടങ്ങിയവയാണ് പ്രധാനമായവ. നിലവില്‍ പോട്ടുകളില്‍ മണ്ണ്, എല്ലുപൊടി, വേപ്പിന് പിണ്ണാക്ക് എന്നിവയുടെ മിശ്രിതത്തില്‍ തൈകള്‍ നട്ടു. കീടങ്ങളെ അകറ്റാന്‍ സൂഡോമോണസ് ലായനി ചേര്‍ക്കും. ഡ്രിപ് ഇറിഗേഷനിലൂടെ വിത്തും തൈകളും നനയ്ക്കുന്നത്.
സ്കൂളിന്റെ വിശാലമായ മട്ടുപ്പാവ് ഉപയോഗശൂന്യമാകുന്നതു കണ്ട ഹെഡ്മാസ്റ്റര് ബിജു തോമസാണ് പച്ചക്കറി കൃഷി എന്ന ആശയം മുന്നോട്ടുവച്ചത്. അധ്യാപകരായ ബി. അഭിലാഷ്, കെ.എം. സുബീഷ്, ആശാനന്ദൻ, അമിത എന്നിവര്‍ ഒപ്പംകൂടി. ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും അധ്യാപകര്‍ കൃഷിയില്‍ വ്യാപൃതരാകും.
കൃഷി വകുപ്പ്, പെരുനാട് കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ സഹകരണവുമുണ്ട്. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ 55 കുട്ടികളാണ് സ്കൂളിലുള്ളത്. കഴിഞ്ഞവര്‍ഷമാണ് നിലയ്ക്കലിനു സമീപം സ്വന്തം കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത്.
സ്കൂള്‍ അങ്കണത്തിലെ മത്സ്യക്കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. 60000 ചതുരശ്ര അടി വീതമുള്ള മൂന്ന് വലിയ ടാങ്കുകളാണ് തയാറായി വരുന്നത്. മത്സ്യകൃഷിയിലും വലിയ മുന്നേറ്റമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഹെഡ്മാസ്റ്റര് പറഞ്ഞു.