വയോധികയുടെ നാലു പവൻ സ്വർണമാല അപഹരിച്ച രണ്ടംഗ സംഘം പിടിയിൽ
1531899
Tuesday, March 11, 2025 6:29 AM IST
പത്തനംതിട്ട: സ്റ്റേഷനറിക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി വയോധികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണമാല അപഹരിച്ച് കടന്നുകളഞ്ഞ മോഷ്ടാക്കളെ ആറന്മുള പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.
ആറന്മുള തറയിൽ മുക്ക്, ശ്രീമംഗലം വീട്ടിൽ അഖിൽ എസ്. നായർ( 28 ), കോയിപ്രം പുറമറ്റം മുണ്ടമല, പൂക്കുഴിയിൽ വീട്ടിൽ അരുൺ രാജ് ( 34 ) എന്നിവരാണ് അറസ്റ്റിലായത്. ആറിന് ഉച്ചകഴിഞ്ഞ് 2.3നു ശേഷമാണ് സംഭവം.
കോഴഞ്ചേരി ഈസ്റ്റ് യുപി സ്കൂളിന് എതിർവശത്ത് 60 വർഷമായി സ്റ്റേഷനറിക്കട നടത്തുന്ന കോഴഞ്ചേരി സെന്റ്് തോമസ് കോളജിനു സമീപം മുരിക്കേത്ത് വടക്കേതിൽ കൗസല്യ (80) യുടെ മാലയാണ് മോഷ്ടാക്കൾ കവർന്നത്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കാണ് കട നടത്തുന്നത്. കടയോട് ചേർന്ന് ഇടവഴിയിലൂടെ നടന്നു വന്ന മോഷ്ടാക്കളിലൊരാൾ രണ്ട് ജ്യൂസും പല്ല് തേക്കാനുള്ള പേസ്റ്റും ബിസ്കറ്റും ആവശ്യപ്പെട്ടു.
ജൂസും പേസ്റ്റും എടുത്ത് മേശപ്പുറത്ത് വച്ചശേഷം ബിസറ്റ് എടുക്കാനായി തിരിഞ്ഞപ്പോഴാണ് മുറ്റത്തു നിന്നയാൾ കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി പിന്നിൽ വന്നു മാല പറിച്ച് ഓടിയത്. പുറത്ത് രണ്ടാംപ്രതി സ്റ്റാർട്ട് ചെയ്തു നിർത്തിയ ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. ബഹളം വെച്ചുകൊണ്ട് പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു.
പരാതി പ്രകാരം എസ്ഐ ഹരീന്ദ്രൻ നായർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് വീടുകളിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ വി.എസ്. പ്രവീണാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.