കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1531902
Tuesday, March 11, 2025 6:29 AM IST
റാന്നി: ലഹരി വസ്തുക്കൾക്കെതിരായ പോലീസ് നടപടികൾക്കിടെ വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടു പേരെ റാന്നിയിൽ അറസ്റ്റു ചെയ്തു.
റാന്നി മന്ദമരുതിയിൽ എസ്എച്ച്ഒ ജിബു ജോണിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിവരവേ ആറ് ഗ്രാമോളം കഞ്ചാവുമായി എരുമേലി നേർച്ചപ്പാറ ഫാത്തിമ സദനം വീട്ടിൽ പോൾവിൻ ജോസഫാണ് (21) പിടിയിലായി. രാത്രി എട്ടോടെ മന്ദമരുതി റോഡിൽ സംശയകരമായ സാഹചര്യത്തിൽ കൈയിൽ പ്ലാസ്റ്റിക് കവറുമായി കണ്ട ഇയാളെ, തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനേ തുടർന്നാണ് വില്പനക്കായി കൈവശം വച്ച കഞ്ചാവ് കണ്ടെത്തിയത്.
വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വലിയപതാൽ തോമ്പികണ്ടം വെള്ളിക്കര വി. എസ്. ബാബുവിനെ (62 ) കഞ്ചാവുമായി കസ്റ്റഡിയിലെടുത്തു.
വില്പനയ്ക്കായി സൂക്ഷിച്ച എട്ട് ഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തു.ചേത്തക്കൽ വലിയപതാൽ റോഡ് വക്കിൽ വില്പനക്കായി കഞ്ചാവുപൊതിയുമായി നിൽക്കുമ്പോഴാണ് പിടികൂടിയത്. പോലീസ് ഇൻസ്പെക്ടർ, എം ആർ സുരേഷ്, എസ്ഐ വി. പി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. പോലീസിനെക്കണ്ട് കഞ്ചാവ് സൂക്ഷിച്ച പൊതി സമീപത്തെ റബർ തോട്ടത്തിലേക്ക് ഇയാൾ വലിച്ചെറിഞ്ഞു. തുടർന്ന് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും, പോലീസ് തടഞ്ഞു.