കൊല്ലം സമ്മേളനത്തിനുശേഷമുള്ള ആദ്യവെടി പൊട്ടിയത് പത്തനംതിട്ടയിൽ
1531911
Tuesday, March 11, 2025 6:35 AM IST
പത്തനംതിട്ട: കൊല്ലം സംസ്ഥാന സമ്മേളനത്തിനുശേഷം ആദ്യ വെടിപൊട്ടിച്ച് സിപിഎമ്മിനെ വെട്ടിലാക്കിയ മുൻ എംഎൽഎ എ. പത്മകുമാറിനെതിരേ നാളെ കൂടുന്ന ജില്ലാ കമ്മിറ്റിയിൽ നടപടി ഉണ്ടായേക്കും. പത്മകുമാർ യോഗത്തിൽ പങ്കെടുക്കുമോയെന്നു വ്യക്തമല്ല. ഇന്നലെ രാവിലെ താൻ പാർട്ടി പദവികൾ ഒഴിയുകയാണെന്നു പ്രഖ്യാപിച്ച പത്മകുമാർ ഉച്ചയോടെ നിലപാട് മയപ്പെടുത്തിയിരുന്നു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി നടത്തിയ ചർച്ചയേ തുടർന്നായിരുന്നു ഇത്. നാളത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിയുമെങ്കിൽ നിലപാട് വിശദീകരിക്കാനാണ് പത്മകുമാറിന്റെ തീരുമാനം.
വിഭാഗീതയതകൾ ഒഴിവാക്കി പാർട്ടിയിലെ ഐക്യം പ്രകടമാക്കിയ സമ്മേളനമെന്നു വിലയിരുത്തലുകൾ വരുന്നതിനിടെയാണ് കൊല്ലത്തു നിന്നു മടങ്ങിയ എ. പത്മകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ട് തന്റെ പ്രതിഷേധം അറിയിച്ചത്. പിന്നാലെ പോസ്റ്റ് പിൻവലിച്ചെങ്കിലും മാധ്യമങ്ങൾക്കു മുന്പിൽ നടത്തിയ പ്രതികരണത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കി. മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയതിലായിരുന്നു പ്രതിഷേധം.
ഇന്നലെ രാവിലെയോടെ നിലപാട് കടുപ്പിച്ച പത്മകുമാറിനെതിരേ സിപിഎം സംസ്ഥാന നേതാക്കളും രംഗത്തെത്തി. മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും നിലവില്‍ ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാര്‍ നടത്തിയ പരസ്യ പ്രതികരണം പാർട്ടി അച്ചടക്കത്തിനുനേരെയുള്ള വെല്ലുവിളിയെന്ന വിലയിരുത്തലാണുണ്ടായത്.
സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്കിലും, തൊട്ടു പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതോടെ പത്മകുമാർ പാർട്ടിക്കു പുറത്തേക്കു പോകുമെന്ന സൂചനയാണ് ആദ്യം ഉണ്ടായതെങ്കിലും പിന്നീട് ഇരുവിഭാഗവും നിലപാടുകൾ മയപ്പെടുത്തി. തത്കാലം തരംതാഴ്ത്തലോ അവധിയെടുപ്പിക്കലോ ആകുമെന്നാണ് സൂചന. ബ്രാഞ്ചിൽ പ്രവർത്തിച്ചുകൊള്ളാമെന്നാണ് പത്മകുമാറിന്റെ നിലപാട്.
അസ്വാരസ്യം പുറത്തുവന്നത് പത്മകുമാറിലൂടെ
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ അപ്രതീക്ഷിതമായി സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതില്‍ പത്തനംതിട്ടയിലെ നേതാക്കള്‍ക്കിടയില്‍ വ്യാപക അതൃപ്തി. മുന്‍ എംഎല്‍എയും ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറാണ് പരസ്യമായി ഇതിനെതിരേ രംഗത്തുവന്നതെങ്കിലും ജില്ലയിലെ പല പ്രുഖരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നാണ് സൂചന. പത്മകുമാർ തന്നെ ഇതു വ്യക്തമാക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം നടത്തിയ പത്മകുമാര്‍ സംസ്ഥാന സമ്മേളന നടപടികള്‍ പൂര്‍ത്തിയാകുംമുമ്പേ കൊല്ലം വിട്ടിരുന്നു. പിന്നീട് മാധ്യമങ്ങളോടു തന്റെ പ്രതികരണം അറിയിച്ച പത്മകുമാര്‍ പത്തനംതിട്ടയിലെ കൂടുതല്‍പേര്‍ തന്റെ നിലപാടിനോടു യോജിക്കുന്നവരാണെന്ന അഭിപ്രായക്കാരനാണ്.
പത്തനംതിട്ടയില്‍ നിന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും മുന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവുമാണ് സംസ്ഥാന സമിതിയിലുള്ളത്. വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവാക്കി. ജില്ലയില്‍ നിന്ന് ഒരാളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ അതില്‍ ഇടംപ്രതീക്ഷിച്ച് നിരവധിപേര്‍ രംഗത്തുണ്ടായിരുന്നു.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് വീണാ ജോര്‍ജ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ആറന്മുള മണ്ഡലത്തിലെത്തുന്നത്. സിപിഎം സംസ്ഥാന നേതൃത്വമാണ് വീണാ ജോര്‍ജിന് അന്ന് സ്ഥാനാര്‍ഥിത്വം നല്‍കിയത്. ഇതിനെതിരേ പത്തനംതിട്ടയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും എംഎല്‍എ ആയശേഷമാണ് പാര്‍ട്ടിയില്‍ ഇവര്‍ക്ക് അഗത്വം നല്‍കിയത്. പിന്നാലെ നടന്ന ജില്ലാ സമ്മേളനം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
2020ലെ നിര്‍ണായകമായ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാനുള്ള നിയോഗവും ഇതിനിടെയുണ്ടായി. പരാജയപ്പെട്ടെങ്കിലും 2021ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും വീണാ ജോര്‍ജ് കുറെക്കൂടി സ്വീകര്യയായി. ഭൂരിപക്ഷം വര്‍ധിപ്പിച്ച് വിജയിച്ചെത്തിയ വീണയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്റെ ചുമതല നല്കി മന്ത്രിയാക്കി.
രണ്ടു ടേം പൂര്‍ത്തീകരിച്ച വീണാ ജോര്‍ജ് ഇനി പാര്‍ലമെന്ററി രംഗത്തുണ്ടാകുമോയെന്ന് അനിശ്ചിതത്വമുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിയില്‍ ഇവര്‍ക്ക് ചുമതല നല്‍കാനുള്ള നീക്കം.