സിപിഎം സംസ്ഥാന സമിതിയില്‍ ജില്ലയില്‍നിന്നു രണ്ടുപേർ
1531533
Monday, March 10, 2025 3:33 AM IST
പ്രത്യേക ക്ഷണിതാവായി വീണാ ജോര്‍ജും
പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ജില്ലയില്‍ നിന്ന് സെക്രട്ടറി രാജു ഏബ്രഹാമും മുന്‍ സെക്രട്ടറി കെ.പി. ഉദയഭാനുവും. നിലവിലെ സംസ്ഥാന സമിതിയംഗങ്ങളാണ് ഇരുവരും. കഴിഞ്ഞതവണ സംസ്ഥാന സമിതിയംഗമായിരുന്ന രാജു ഏബ്രഹാം ഇക്കുറി ജില്ലാ സെക്രട്ടറിയെന്ന നിലയിലാണ് സ്ഥാനം നിലനിര്‍ത്തിയത്.
ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ.പി. ഉദയഭാനു പുതിയ സംസ്ഥാന സമിതിയിലും ഇടംകണ്ടു. പുതിയ സമിതിയില്‍ മന്ത്രി വീണാജോര്‍ജ് പ്രത്യേക ക്ഷണിതാവാണ്. എസ്എഫ്ഐയിലൂടെയാണ് രാജു ഏബ്രഹാം പൊതുരംഗത്തു വന്നത്. 1991 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റിയിലുണ്ട്. അഞ്ച് തവണ തുടര്‍ച്ചയായി റാന്നി നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗവുമായിരുന്നു.
കെ.പി. ഉദയഭാനു മൂന്ന് തവണ പത്തനംതിട്ട ജില്ലാസെക്രട്ടറിയായിരുന്നു. ഇക്കാലയളവില്‍ സംസ്ഥാന സമിതിയിലും ഉള്‍പ്പെട്ടിരുന്നു. അടൂര്‍ ഏരിയ സെക്രട്ടറി, താലൂക്ക് സെക്രട്ടറി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണ് അദ്ദേഹം ചുമതലകളിലേക്ക് എത്തിയത്.
മന്ത്രി വീണാ ജോര്‍ജ് നിലവില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്. ആറന്മുള നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി രണ്ടാംതവണയും പ്രതിനിധീകരിക്കുന്നു. എംഎല്‍എ ആയശേഷമാണ് സിപിഎം സംഘടനാ രംഗത്തു സജീവമായത്.
വീണാ ജോര്‍ജിന് പ്രമോഷൻ, പാര്‍ട്ടിയില്‍ അസ്വാരസ്യം
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ അപ്രതീക്ഷിതമായി സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പത്തനംതിട്ടയിലെ നേതാക്കള്‍ക്കിടയില്‍ അതൃപ്തി. മുന്‍ എംഎല്‍എയും ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറാണ് പരസ്യമായി ഇതിനെതിരേ രംഗത്തുവന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം നടത്തിയ പത്മകുമാര്‍ സംസ്ഥാന സമ്മേളന നടപടികള്‍ പൂര്‍ത്തിയാകുംമുമ്പേ കൊല്ലം വിടുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളോടു തന്റെ പ്രതികരണം അറിയിച്ച പത്മകുമാര്‍ വീണാ ജോര്‍ജിന്റെ പേരെടുത്ത് വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായി. പത്തനംതിട്ടയിലെ കൂടുതല്‍പേര്‍ തന്റെ നിലപാടിനോടു യോജിക്കുന്നവരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് വീണാ ജോര്‍ജ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ആറന്മുള മണ്ഡലത്തിലെത്തുന്നത്. സിപിഎം സംസ്ഥാന നേതൃത്വമാണ് വീണാ ജോര്‍ജിന് അന്ന് സ്ഥാനാര്‍ഥിത്വം നല്‍കിയത്. ഇതിനെതിരേ പത്തനംതിട്ടയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും എംഎല്‍എ ആയശേഷമാണ് പാര്‍ട്ടിയില്‍ ഇവര്‍ക്ക് അംഗത്വം നല്‍കിയത്.
പിന്നാലെ നടന്ന ജില്ലാ സമ്മേളനം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2020ലെ നിര്‍ണായകമായ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാനുള്ള നിയോഗവും ഇതിനിടെയുണ്ടായി. പരാജയപ്പെട്ടെങ്കിലും 2021ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും വീണാ ജോര്‍ജ് കുറെക്കൂടി സ്വീകര്യയായി.
ഭൂരിപക്ഷം വര്‍ധിപ്പിച്ച് വിജയിച്ചെത്തിയ വീണയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്റെ ചുമതല നല്കി മന്ത്രിയാക്കി. രണ്ടു ടേം പൂര്‍ത്തീകരിച്ച വീണാ ജോര്‍ജ് ഇനി പാര്‍ലമെന്ററി രംഗത്തുണ്ടാകുമോയെന്ന് അനിശ്ചിതത്വമുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിയില്‍ ഇവര്‍ക്ക് ചുമതല നല്‍കാനുള്ള നീക്കം.