പ്ലാന്റേഷൻ കോർപറേഷനും കെടുകാര്യസ്ഥതയുടെ നടുവിൽ
1531182
Sunday, March 9, 2025 3:14 AM IST
കൊടുമൺ: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷൻ പ്രവർത്തനവും കെടുകാര്യസ്ഥതയിൽ . 4000ൽപരം തൊഴിലാളിളും 500ൽപരം ജീവനക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് പ്ലാന്റേഷൻ കോർപറേഷൻ ലിമിറ്റഡ്. പത്തനംതിട്ട മുതൽ കാസർഗോഡ് ജില്ല വരെ വിവിധയിടങ്ങളിലായി റബർ, എണ്ണപ്പന, കശുമാവ് തുടങ്ങിയവ കൃഷി ചെയ്തുവരുന്ന സ്ഥാപനം 63 വർഷം മുന്പ് സ്ഥാപിതമായതാണ്.
റബർ ഉത്പാദനം നടന്നിരുന്ന കൊടുമൺ എസ്റ്റേറ്റ് അടച്ചുപൂട്ടിയ സ്ഥിതിയിലാണ്. ടാപ്പിംഗ് ഭാഗികമാണ്. എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ കോർപറേഷന്റെ ഇടപെടൽ ഉണ്ടാകുന്നില്ല. കൊടുമൺ ഗ്രൂപ്പ് ലാറ്റക്സ് ഫാക്ടറിയിൽനിന്ന് ഒരു വർഷമായി ശേഖരിച്ചുവച്ചിരുന്ന 630 കിലോഗ്രാം സ്ക്രാപ് റബർ ഇതിനോടകം നഷ്ടപ്പെട്ടതായി പറയുന്നു.
വിപണിയിൽ ഒരു ലക്ഷം രൂപയോളം വില മതിക്കുന്ന സ്ക്രാപ്പാണ് മോഷണം പോയത്. മാനേജ്മെന്റിനുവേണ്ടി കൊടുമൺ പോലീസിൽ കഴിഞ്ഞ ഫെബ്രുവരി 26നു പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണവുമായി മുന്നോട്ടു പോകാൻ മാനേജ്മെന്റിനും വിമുഖതയാണെന്ന് ഐഎൻടിയുസി സംസ്ഥാന സമതി അംഗം അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു.
കോർപറേഷന്റെ മേലധികാരിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് സാന്പിൾ ശേഖരം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 24 മണിക്കൂറും സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഡ്യൂട്ടിലുള്ളതായി പറയുന്ന സ്ഥലത്തുനിന്നാണ് സ്ക്രാപ് മോഷണം പോയത്. മുന്പും കോർപറേഷൻ ഫാക്ടറികളിൽ നടന്നിട്ടുള്ള മോഷണങ്ങളിൽ നടപടി ഉണ്ടായിട്ടില്ലെന്നു ഐഎൻടിയുസി കുറ്റപ്പെടുത്തി.