നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്കു വിടണം; കോൺഗ്രസ് ഉപവാസം 14ന്
1531901
Tuesday, March 11, 2025 6:29 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് 14ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവര്‍ പത്തനംതിട്ടയിൽ ഉപവാസ സത്യഗ്രഹം നടത്തും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ പത്തനംതിട്ട ടൗണ്‍ സ്ക്വയറിലാണ് ഉപവാസ സമരം.
നവീന്‍ ബാബുവിനെ മനഃപൂര്‍വം കൊലപ്പെടുത്തുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്തിരിക്കുന്നതെന്നതെന്നും മുഖ്യപ്രതിക്കെതിരേ നിസാര നടപടി എടുത്തു കേസ് തേച്ചു മായ്ച്ചു കളയാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.. ഇരക്ക് ഒപ്പമാണെന്ന് പറഞ്ഞു നടന്ന സിപിഎം ജില്ലാ നേതൃത്വം കണ്ണൂര്‍ ലോബിക്ക് കീഴടങ്ങി കുടുംബത്തെ ചതിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിപിഎം നേതാവ് പി.പി. ദിവ്യ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ആസൂത്രിത നീക്കം നടത്തിയെന്ന ലാന്‍ഡ് റവന്യൂ ജയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. അന്വേഷണം അട്ടിമറിച്ചു പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും സര്‍ക്കാറിലെ ഉന്നതരും ശ്രമിക്കുമ്പോള്‍ കേരള പോലീസ് നടത്തുന്ന അന്വേഷണം വിശ്വസിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
രാവിലെ ഒന്‍പതിന് രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി. ജെ. കുര്യന് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരംഅഞ്ചിന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.