പിഎംജിഎസ്വൈ പദ്ധതിയിൽ 140 ഗ്രാമീണ റോഡുകൾക്ക് അനുമതി
1514973
Monday, February 17, 2025 3:43 AM IST
പത്തനംതിട്ട: കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ്വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ 140 റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. നിലവിൽ റോഡുകളില്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും നിലനിൽക്കുന്നവിധത്തിൽ പുതുതായി റോഡുകൾ വെട്ടി ദേശീയ നിലവാരത്തിൽ ടാറിംഗ്
നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്.
250-ലധികം റോഡുകൾ പദ്ധതിയിലേക്ക് സമർപ്പിച്ചിരുന്നുവെങ്കിലും മൺപാതകൾ മാത്രമാണ് നാലാം ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. റോഡുകൾ ജില്ലയിലെ പിഎംജിഎസ്വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ 80 റോഡുകൾക്കും പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി അസംബ്ലി മണ്ഡലങ്ങളിലെ 60 റോഡുകൾക്കുമാണ് പദ്ധതിയിൽ അനുമതി ലഭിച്ചതെന്ന് എംപി പറഞ്ഞു. ആറു മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്കുശേഷം പട്ടികയിൽ ഇടം പിടിച്ചത്.
അഞ്ച് വർഷമാണ് പട്ടികയുടെ കാലാവധി. നാലാംഘട്ടത്തിലെ ഈ റോഡുകളിൽനിന്ന് 10 ശതമാനം റോഡുകളുടെ നിർമാണം ഉടൻതന്നെ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് എംപി പറഞ്ഞു.