പിഎം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത: കോന്നിക്ക് ടൗണ്‍ സ്ക്വയറും നഷ്ടമായി
1492320
Saturday, January 4, 2025 3:40 AM IST
കോന്നി: ഇരുപത് വര്‍ഷത്തേ കാത്തിരിപ്പിനൊടുവില്‍ പിഎം റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ ആക്ഷേപങ്ങള്‍ക്കും കുറവില്ല. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത അപകടങ്ങള്‍ക്കു കാരണമാകുന്നു. നിര്‍മാണഘട്ടത്തില്‍ നല്കിയ ഉറപ്പുകളൊന്നും പാലിക്കാതെയാണ് പൂര്‍ത്തീകരണമെന്ന ആരോപണവും ഉയര്‍ന്നു.
കാല്‍നട യാത്രക്കാര്‍ക്ക് റോഡരികില്‍ സ്ഥലം ഇല്ലാതാക്കിയ നിര്‍മാണ രീതിക്കെതിരേ ആക്ഷേപമുണ്ട്. പലയിടങ്ങളിലും റോഡില്‍ വളവും കയറ്റിറക്കങ്ങള്‍ക്കും മാറ്റമില്ല. അപകട സാധ്യത ഏറെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഘടന മാറ്റാനും നിര്‍മാണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. റോഡിന്റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ കോന്നിക്ക് ആകെ ഉണ്ടായിരുന്നു ടൗണ്‍ സ്ക്വയറും ഇല്ലാതായി.
റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാന്‍ കല്ലിട്ട് അളന്നിരുന്ന ഭാഗങ്ങള്‍ അപ്പാടെ ഒഴിവാക്കിയാണ് കോന്നി സെന്‍ട്രല്‍ ടൗണില്‍ പണികള്‍ നടന്നത്. ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന കോന്നി ചന്ദനപ്പള്ളി റോഡിന്റെ ഭാഗം ഏറ്റെടുത്തെങ്കിലും എതിര്‍ദിശയില്‍ പോലീസ് സ്റ്റേഷന് ഭാഗമായ കോന്നി - തണ്ണിത്തോട് റോഡില്‍ സ്ഥലം ഏറ്റെടുത്തിട്ടില്ല.
വ്യാപാരികളുടെയും ഭൂ ഉടമകളുടെയും താത്പര്യങ്ങള്‍കൂടി സംരക്ഷിച്ചതോടെ നഷ്ടമായത് ടൗണ്‍ സ്ക്വയറാണ്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പ്രദേശത്തേക്ക് വാഹനങ്ങള്‍ തിരിഞ്ഞുപോകേണ്ട സ്ഥലത്താണ് അശാസ്ത്രീമായ നിര്‍മാണം. വൈദ്യുത പോസ്റ്റുകളടക്കം ഇപ്പോഴും റോഡിൽത്തന്നെയാണ്.
നഗരസ്വഭാവമുള്ള പഞ്ചായത് ആയിരുന്നിട്ടും നഗരാസൂത്രണ രീതികള്‍ ഇവിടെ നടപ്പായിട്ടില്ല.
ടൗണ്‍ പ്ലാനറുടേതായ ഒരു പദ്ധതികളും നടപ്പാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് പരാതി.
നടപ്പാതകളില്‍ കൈയേറ്റം
നടപ്പാത സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങളില്‍ കൈയേറ്റം വ്യാപകമാണ്. നടപ്പാതകളിലെ കൈയേറ്റങ്ങളും നിര്‍മാണവും പരസ്യ ബോര്‍ഡുകളും കാല്‍നട യാത്രക്കാരുടെ സഞ്ചാരത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
താത്കാലികവും സ്ഥിരവുമായ കൈയേറ്റങ്ങള്‍ ടൗണില്‍ പലയിടത്തും കാണാം. ഇതിനുപുറമേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും കൊടികളും യാത്രക്കാരെ ഏറെയാണ് ബുദ്ധിമുട്ടിക്കുന്നത്.
അനധികൃത പാര്‍ക്കിംഗ്
കോന്നി ടൗണിന്റെ ബസ് സ്റ്റാന്‍ഡ് മുതല്‍ ചൈനാ ജംഗ്ഷന് വരെയാണ് യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട്. ഇവിടെ റോഡിന്റെ വശങ്ങളിലെ പാര്‍ക്കിംഗാണ് പ്രധാന വെല്ലുവിളി. വശങ്ങളില് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും ഒപ്പം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗും ഏറെ അസൗകര്യങ്ങളും അപകട സാധ്യതയും ഉയര്‍ത്തുന്നു. കോന്നി സിവില്‍ സ്റ്റേഷന് ഭാഗത്തും വലിയ യാത്രാ ബുദ്ധിമുട്ടുകള്‍ നില്നില്ക്കുകയാണ്.
പ്രധാന ജംഗ്ഷനുകളില്‍ ട്രാഫിക് സിംഗനല്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.
പാര്‍ക്കിംഗ് സൗകര്യം ഒരുക്കണം
കോന്നിയാലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസും ഗതാഗത വകുപ്പും പദ്ധതി തയാറാക്കണമെന്നാവശ്യം. വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില് നിര്‍ത്തിയിടുന്നതും കാല്‍നട യാത്രക്കാര്‍ക്ക് തടസമായ കൈയേറ്റങ്ങളും തടയണമെന്ന് പൊതുപ്രവര്‍ത്തകനായ എം.എം. ബഷീര്‍ ആവശ്യപ്പെട്ടു.
റോഡിന്റെ ഭാഗങ്ങളില്‍ സിഗ്നല്‍ സംവിധാനങ്ങളും പോലീസ് പരിശോധനകളും അനിവാര്യമാണെന്ന് ഗ്രീന്‍നഗര്‍ റെസിഡന്‍സ് അസോസിയേഷന് ഭാരാവാഹിയായ രാജീസ് കൊട്ടാരം പറഞ്ഞു.