സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി; നിര്‍മാണമേഖല കൈയടക്കി ഊരാളുങ്കല്‍ സൊസൈറ്റി
1492333
Saturday, January 4, 2025 4:02 AM IST
പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ നിര്‍മാണ മേഖല ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു തീറെഴുതുന്നതിനെതിരേ കരാറുകാര്‍ രംഗത്ത്.
ആയിരക്കണക്കിനു കരാറുകാരെ വഴിയാധാരമാക്കി നിര്‍മാണ മേഖലയിലെ കരാര്‍ ജോലികളെല്ലാം ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ തീറെഴുതുകയാണെന്ന് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോടിക്കണക്കിനു രൂപയുടെ കുടിശിക കരാറുകാര്‍ക്ക് സര്‍ക്കാര്‍ നല്കാനുണ്ടെന്നിരിക്കേ പുതിയ കരാറുകളില്‍നിന്ന് എ ക്ലാസ് ലൈന്സുള്ളവരെപ്പോലും ഒഴിവാക്കുകയാണ്.
ചെറുകിട കരാറുകാര്‍ കരാര്‍ ജോലി വേണ്ടെന്നുവച്ച് നാടുവിടുകയോ മറ്റു ജോലികളിലേക്ക് കടക്കുകയോ ചെയ്തിരിക്കുകയാണ്. ബാധ്യതകളില്പ്പെട്ടുകഴിയുന്ന പല കരാറുകാരുടെയും ജീവിതംതന്നെ വഴിമുട്ടിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഗവണ്മെന്റ് മേഖലയില്‍ കരാറെടുക്കുന്നവരോടു കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാട്ടുന്നത്. പരിശോധനകളും പീഡനങ്ങളും തുടരുകയാണ്. എന്നാല്‍ ഊരാളുങ്കല്‍ ഏറ്റെടുക്കുന്ന ഒരു ജോലിയിലും പരിശോധനകള്‍ നടത്താറില്ല. ഏഴുവര്‍ഷം മുമ്പുള്ള നിരക്കിലാണ് ഇപ്പോഴും കരാര്‍ ജോലികള്‍ ടെന്‍ഡര്‍ ചെയ്യുന്നത്. ടാറിന്റെയും ക്വാറി ഉത്പന്നങ്ങളുടെയുമെല്ലാം വില വന്‍തോതില്‍ വര്‍ധിച്ചിട്ടും കരാര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തയാറായിട്ടില്ല.
വയനാട് പാക്കേജും ഊരാളുങ്കലിന്
സര്‍ക്കാര്‍ വകുപ്പുകളെ ഒഴിവാക്കി 750 കോടിയുടെ വയനാട് പാക്കേജ് ഊരാളുങ്കല്‍ സംഘത്തിന് നല്കിയതു സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ആയിരം ചതുരശ്രയടി തറവിസ്തീർണമുള്ള ഒറ്റനില വീടുകള്‍പോലും രൂപകല്പന ചെയ്യാനോ നിര്‍മാണ മേല്‍നോട്ടം വഹിക്കാനോ ആയിരക്കണക്കിന് എന്‍ജിനിയര്‍മാരും മറ്റ് സാങ്കേതിക ജീവനക്കാരും ഗവേഷണ സ്ഥാപനങ്ങളുമുള്ള പൊതുമരാമത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ക്ക് ശേഷിയില്ലെന്നാണെങ്കില് അവ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് ഭാരവാഹികള്‍ പറഞ്ഞു .
ജീവല്‍ പ്രശ്നമായ കുടിവെള്ള പദ്ധതിയില്‍ നാലായിരത്തിലധികം കോടി രൂപ കരാറുകാര്‍ക്ക് കുടിശികയാണ്. ജെജെഎം പദ്ധതി കാലാവധി 2004 മാര്‍ച്ചില്‍ അവസാനിച്ചു. ഒരു വർഷംകൂടി നീട്ടി ലഭിച്ചിട്ടുണ്ട്. എന്നിട്ടും പദ്ധതി നാലിലൊന്നുപോലും പൂര്‍ത്തികരിച്ചിട്ടില്ല.
പദ്ധതി പുരോഗതിയില്‍ ഇന്ത്യയില്‍ 31-ാം സ്ഥാനത്താണ് കേരളം. കേന്ദ്രവും കേരളവും 5000 കോടി രൂപ വീതമേ ഇതേവരെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ളൂ. പല പ്ലാന്റുകളുടെയും ടാങ്കുകളുടെയും പണികള്‍ മുടങ്ങിക്കിടക്കുന്നു. പൈപ്പുകളിട്ട പല റോഡുകളും നന്നാക്കിയിട്ടില്ല. ഈ പണികളൊന്നും ഊരാളുങ്കല്‍ ഏറ്റെടുക്കില്ല.
കടം പറയാന്‍ കരാറുകാര്‍
പണം ഇല്ലെങ്കില്‍ അത്തരം ജോലികള്‍ കരാറുകാരെ ഏല്പിക്കുന്ന രീതിയാണുള്ളത്. ഇതാണ് പൊതുമരാമത്ത്, ജലഅഥോറിറ്റി, പഞ്ചായത്ത് വകുപ്പുകളില്‍ കുടിശികയ്ക്കു കാരണം. രൊക്കം പണം കൊടുക്കാന്‍ കഴിയുന്നതു മാത്രം ഊരാളുങ്കലിനും മറ്റുള്ളതൊക്കെ കരാറുകാര്‍ക്കും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം.
വയനാട്ടില്‍ നാലു കോടി രൂപയുടെ സ്കൂള്‍ കെട്ടിടം ബില്‍ഡേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ സൗജന്യമായി പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഊരാളുങ്കള്‍ അവിടെ ഒരു സൗജന്യവും ചെയ്തിട്ടില്ല. അവര്‍ക്കാണ് കരാറുകാരുള്‍പ്പെടെ സംഭാവന ചെയ്ത പണം കൊണ്ടുള്ള ടൗണ്‍ഷിപ്പിന്റെ കരാര്‍ ടെന്‍ഡറില്ലാതെ നല്‍കിയിരിക്കുന്നത്.
ഇതില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതാണെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ജലഭവനില്‍നിന്ന് സെകട്ടേറിയറ്റിലേക്ക് ആറിനു കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രതിഷേധ മാര്‍ച്ച് നടത്തും.
കുടിശിക തീര്‍ക്കാന്‍ ട്രെഡ്സ്, കടക്കെണിയില്‍പ്പെട്ട കരാറുകാര്‍ക്കുവേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക, ജിഎസ്ടി പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
അസോസിയേഷന് ജില്ലാ സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയില്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മലയാലപ്പുഴ ഗോപാലകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.