സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പണം ലഭിക്കണമെങ്കിൽ ഹൈക്കോടതി കനിയണം
1492506
Sunday, January 5, 2025 3:23 AM IST
പത്തനംതിട്ട: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പ്രഥമാധ്യാപകർക്ക് മൂന്നു മാസത്തെയും പാചക തൊഴിലാളികൾക്ക് രണ്ടുമാസത്തെയും പണം കുടിശിക. മതിയായ പണം അനുവദിക്കാത്തതിന്റെ പേരിൽ സ്കൂൾ പ്രഥമാധ്യാപകരെ പ്രതിസന്ധിയിലാക്കുന്ന പദ്ധതിയിൽ മുൻകൂറായി മുന്പ് നൽകിയിരുന്ന പണം കഴിഞ്ഞ ഏറെക്കാലമായി മാസങ്ങളുടെ കുടിശിക പതിവാണ്. പണിയെടുക്കുന്ന തൊഴിലാളിയുടെ കൂലിയും മാസങ്ങളോളം പിടിച്ചുവയ്ക്കുന്നു.
ഉച്ചഭക്ഷണ വിതരണത്തിന്റെ ചെലവുൾപ്പെടെയുള്ള വിഷയങ്ങളിൽ ഹൈക്കോടതിയിൽ കേസുകൾ നിലവിലുണ്ട്. വിവിധ അധ്യാപക സംഘടനകൾ നൽകിയ കേസുകളാണിത്. നിലവിലെ തുക വർധിപ്പിക്കണമെന്നും കുടിശിക ഒഴിവാക്കണമെന്നും തുടങ്ങിയ ആവശ്യങ്ങൾ കോടതി മുന്പാകെയുണ്ട്. കേസ് പരമാവധി നീട്ടിവയ്ക്കാനുള്ള ശ്രമമാണ് സർക്കാർ അഭിഭാഷകർ നടത്തുന്നത്. ഓരോ തവണ കേസ് പരിഗണിക്കുന്പോഴും കുടിശികയുടെ പേരിൽ വിമർശനം ഉണ്ടാകാതിരിക്കാൻ പ്രഥമാധ്യാപകർക്ക് കുടിശിക നൽകുന്ന രീതിയാണ് നിലവിലുള്ളത്.
കഴിഞ്ഞ മൂന്നുമാസമായി കോടതിയിൽ ഉച്ചഭക്ഷണത്തിന്റെ കേസ് വാദത്തിനു വരാത്തതിനാൽ ഉച്ചഭക്ഷണ കണ്ടിൻജൻസി തുക പ്രധാനാധ്യാപകർക്ക് അനുവദിച്ചും നൽകാൻ സർക്കാർ തയാറായിട്ടില്ല. വീണ്ടും ലക്ഷങ്ങൾ ബാധ്യതയിലേക്ക് ഇതിന്റെ ചുമതലയുള്ള അധ്യാപകരും പ്രധാനാധ്യാപകരും എത്തിച്ചേർന്നിരിക്കുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയിരുന്ന ഉച്ചക്കഞ്ഞിക്കു പകരം ചോറാക്കി മാറ്റിയത്. കുട്ടികൾക്ക് മിനിമം രണ്ട് കറികൾ, ആഴ്ചയിൽ രണ്ടുദിവസം പാൽ, ഒരു ദിവസം മുട്ട അല്ലെങ്കിൽ പഴം എന്നിവ നിർബന്ധമായും നൽകിയിരുന്നു. ഇതിന് ആവശ്യമായ പണം രണ്ടു ഗഡുക്കളായി സ്കൂൾ പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലുള്ള നൂൺ മീൽ അക്കൗണ്ടിലേക്ക് അഡ്വാൻസായി ജൂൺ, നവംബർ മാസങ്ങളിൽ നൽകിയിരുന്നു.
യാതൊരു കടബാധ്യതയുമില്ലാതെ ചെലവാകുന്ന പണം അപ്പപ്പോൾത്തന്നെ പ്രധാനാധ്യാപകന് അക്കൗണ്ടിൽനിന്ന് പിൻവലിക്കാവുന്ന സംവിധാനവും ഉണ്ടായിരുന്നു. അന്നത്തെ കമ്പോള നിലവാരത്തിനനുസരിച്ച് നൂൺമീൽ കണ്ടിൻജൻസി തുക വർധിപ്പിച്ചു നൽകുകയും ചെയ്തു.
തുക വർധിപ്പിച്ചതും നാമമാത്രം
പ്രഥമാധ്യാപകർ വർഷങ്ങൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് തുക വർധിപ്പിക്കാൻ സർക്കാർ തയാറായത്. മുട്ടയ്ക്കും പാലിനും അധികതുക അനുവദിച്ചാണ് വർധന നടപ്പാക്കിയത്. എന്നാൽ കന്പോളവില അടിക്കടി ഉയരുന്പോൾ മുട്ടയുടെയും പച്ചക്കറിയുടെയും വില താങ്ങാനാകുന്നില്ല.
ഉച്ചഭക്ഷണത്തുകയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ കാരണം പറഞ്ഞു. കേന്ദ്രത്തിന് കൃത്യമായ കണക്കുകൾ സംസ്ഥാനം നൽകാത്തതുകൊണ്ടാണ് അവിടെനിന്ന് ഫണ്ട് ലഭിക്കാൻ തടസം ഉണ്ടായതെന്ന് കേന്ദ്രസർക്കാർ ന്യായീകരിച്ചു.
ഹൈക്കോടതിയിൽ നിലവിലുള്ളകേസിൽ സീനിയർ അഭിഭാഷകൻ ജോർജ് കണ്ണന്താനം ഉയർത്തിയ വാദം ശ്രദ്ധേയമായിരുന്നു. സംസ്ഥാന വിഹിതം എന്തുകൊണ്ട് കൃത്യമായി കൊടുക്കുന്നില്ല എന്ന് ഇതേത്തുടർന്ന് കോടതി ചോദിച്ചു. സർക്കാർ നിരത്തിയ ന്യായമില്ലാത്ത ന്യായവാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു.
ഉച്ചഭക്ഷണത്തിന്റെ സാമ്പത്തിക ചുമതല പ്രധാന അധ്യാപകരുടേതല്ലെന്നും സർക്കാർ ഇതിനായി നൽകിവരുന്ന തുക വളരെ പരിമിതമാണെന്നും, കാലോചിതമായ വർധനയോടെ സമയബന്ധിതമായി തുക നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്കൂൾ ഉച്ചഭക്ഷണ വിതരണം നിർത്തി വയ്ക്കാൻ കോടതിക്ക് ഉത്തരവിടേണ്ടിവരും എന്നും അറിയിച്ചു.
ഒടുവിൽ കോടതി ഉത്തരവുപ്രകാരം ഉച്ചഭക്ഷണത്തുക വർധിപ്പിച്ച് സമയബന്ധിതമായി നൽകാമെന്ന് കോടതിയെ സർക്കാർ അറിയിച്ചു. അതേത്തുടർന്നാണ് ഉച്ചഭക്ഷണ മെനുവിലെ മുട്ടയും പാലും പ്രത്യേകമായി ചേർത്ത് പണം നൽകിത്തുടങ്ങിയത്. ഏതാനും മാസത്തെ കുടിശികയും ഇതോടൊപ്പം നൽകി.
ഉച്ചഭക്ഷണ വിതരണം നിർത്തിവയ്ക്കേണ്ടിവരും: കെപിഎസ്ടിഎ
പത്തനംതിട്ട: ഭാരിച്ച ബാധ്യതയുമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുന്പോട്ടു കൊണ്ടുപോകാനാകില്ലെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജും സെക്രട്ടറി എസ്. പ്രേമും പറഞ്ഞു.
പ്രധാനാധ്യാപകർക്ക് അഡ്വാൻസായി നൽകിയിരുന്ന തുക, പിന്നീട് പദ്ധതിക്കുവേണ്ടി ചെലവഴിച്ച് മാസങ്ങൾക്കു ശേഷം മാത്രം നൽകുന്ന രീതിയിലേക്ക് മാറ്റി.
മതിയായ ഫണ്ട് ലഭിക്കാതെയും പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങൾ വൈകി ലഭിക്കുന്നതിന്റെ കടബാധ്യതയുംമൂലം പ്രധാനാധ്യാപകർ ഏറെ വലഞ്ഞ അവസ്ഥയിലാണ്. നിരവധി സമര പോരാട്ടങ്ങൾ പലതലങ്ങളിലായി സംഘടന നടത്തുകയുണ്ടായി. സർക്കാർ ഈ സമരങ്ങളെയൊന്നും വേണ്ടുന്ന തരത്തിൽ പരിഗണിച്ചില്ല. പ്രധാനാധ്യാപികമാർ പണയം വച്ച് ഉച്ചഭക്ഷണം കൊടുക്കേണ്ട അവസ്ഥയിലെത്തി.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തിവയ്ക്കേണ്ടിവരുമെന്ന് കെപിഎസ്ടിഎ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.