ജൂബിലി വർഷം തിരുവല്ല അതിഭദ്രാസനതല ഉദ്ഘാടനം നാളെ
1492510
Sunday, January 5, 2025 3:23 AM IST
തിരുവല്ല: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ 2025 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി ആഗോള കത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലിയുടെ തിരുവല്ല അതിഭദ്രാസനതല ആഘോഷം നാളെ ദനഹാപെരുന്നാൾ ദിവസം രാവിലെ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടക്കും.
അതിഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. രാവിലെ ആറിന് പ്രഭാത പ്രാർഥന, ദനഹാപെരുന്നാൾ ശുശ്രൂഷ, ആഘോഷമായ പ്രദക്ഷിണം, ജൂബിലി ആചരണത്തിന്റെ അടയാളമായുള്ള വിശുദ്ധ വാതിൽ തുറക്കൽ, പ്രകാശം തെളിക്കൽ, വിശുദ്ധ കുർബാന എന്നിവ നടക്കും.
അതിഭദ്രാസനത്തിലെ വൈദികർ, സന്യസ്തർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, പ്രേഷിത സംഘടനകളുടെ അതിഭദ്രാസന ഭാരവാഹികൾ, വൈദിക വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. മുഖ്യവികാരി ജനറാൾ ഫാ. ഡോ. ഐസക് പറപ്പള്ളിൽ, ചാൻസലർ ഫാ. ജോസ് മണ്ണൂർകിഴക്കേതിൽ, ഫിനാൻസ് ഓഫീസർ ഫാ. തോമസ് പാറയ്ക്കൽ,
കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളത്ത്, പിആർഒ ഫാ. സന്തോഷ് അഴകത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. വർഗീസ് കെ. ചെറിയാൻ എന്നിവർ നേതൃത്വം നൽകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷം 2026 ജനുവരി ആറിന് സമാപിക്കും.