വരകള്‍ ബാക്കിയാക്കി ജോര്‍ജ് വിടവാങ്ങി; ഉപ്പായി മാപ്ല നാടിനു സ്വന്തം
1492335
Saturday, January 4, 2025 4:02 AM IST
പത്തനംതിട്ട: കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാടിനെ കാലം മറന്നാലും അദ്ദേഹത്തിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള്‍ക്കു മരണമില്ല. തന്റേതു മാത്രമായ കഥാപാത്രത്തെ മറ്റു പലരും സ്വന്തം സൃഷ്ടികളില്‍ ഉപയോഗിച്ചപ്പോഴും ജോര്‍ജ് തടസം പറഞ്ഞില്ല. വരകള്‍ക്കും ആശയങ്ങള്‍ക്കും പുതുജീവന്‍ പകരുമ്പോഴും ഈ കലാകാരന് അഭിമാനംകൊണ്ടു.
കുമ്പനാട് മറ്റത്ത് മലയില്‍ കുടുംബാംഗമായ ജോര്‍ജിന് ചിത്രരചനയോടുള്ള താത്പര്യം ചെറുപ്പം മുതലേ ഉള്ളതാണ്. ഇതിനൊപ്പം ചിത്രങ്ങളെയും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. തന്നിലെ കാര്‍ട്ടൂണിസ്റ്റിനെ തിരിച്ചറിഞ്ഞത് പുത്തന്‍കാവ് മാത്തന് തരകനാണെന്ന് ജോര്‍ജ് പറയുമായിരുന്നു.
1950 കളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ബിരുദപഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അന്നു കോളജിന്റെ പ്രിന്‍സിപ്പലായ പുത്തന്‍കാവ് മാത്തന് തരകന് നല്കിയ കത്തുമായി കോട്ടയത്തെത്തി മലയാള മനോരമയില്‍ ചേര്‍ന്നു. വരകളുടെ ലോകത്തേക്കായിരുന്ന പ്രവേശനം. കാര്‍ട്ടൂണുകളെക്കുറിച്ച് വലിയ അറിവൊന്നുമില്ലായിരുന്നെങ്കിലും അവിടെനിന്ന് എല്ലാം പഠിച്ചെടുത്തു.
ശങ്കറിന്റെയും ലക്ഷമണന്റെയും കാര്‍ട്ടൂണ്‍ സമാഹാരങ്ങള്കണ്ട് അതേപോലെ കാര്ട്ടൂണുകള് വരച്ചായിരുന്നു തുടക്കം. എഡിറ്റോറിയല്‍ ജീവനക്കാരുടെ സഹായത്താല്‍ കാര്‍ട്ടൂണും ചിത്രീകരണവുമായി മലയാള മനോരമയില്‍ ഒന്നര വര്‍ഷം ജോലി ചെയ്തു.
വിമോചന സമരത്തിന് പിന്തുണയുമായി അമേരിക്കയില്‍നിന്നുവന്ന ഡോ. ജോര്‍ജ് തോമസും ഭാര്യ റേച്ചല്‍ തോമസും കേരളധ്വനി പത്രം ആരംഭിച്ചപ്പോള്‍ വരക്കാരനായി ജോര്‍ജിനേയും അവര്‍ ക്ഷണിച്ചു.
കേരളധ്വനിയില്‍ ചേര്‍ന്ന അദ്ദേഹം രണ്ടാം ലക്കം മുതല്‍ ആദ്യ പേജില്‍ ഒരു ബോക്സ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. പേര് ഉപ്പായി മാപ്ല. ഉപ്പായി മാപ്ലയുടെ പിറവി അങ്ങനെ കേരളം കണ്ടു.
ആദ്യത്തെ നാല് കാര്‍ട്ടൂണില്‍ ജോര്‍ജ് കുമ്പനാട് ഒപ്പിട്ടു. ഇനി കാര്‍ട്ടൂണിന് കീഴില്‍ ഒപ്പിടണ്ട, ധ്വനി എന്ന് എഴുതിയാല്‍ മതിയെന്ന് ഡോ. ജോര്‍ജ് തോമസ് പറഞ്ഞു.
ജോര്‍ജ് പിന്നീട് സ്വന്തം പേരോ, ധ്വനി എന്നോ കാര്‍ട്ടൂണില്‍ എഴുതിയില്ല. ദിവസവും നല്ല തമാശ ഉണ്ടാക്കുക ജോര്‍ജിന് വിഷമമായി. കാര്‍ട്ടൂണിന് തമാശ ഉണ്ടാക്കാന്‍ ഒരാളെ കൂട്ടിനു ചേര്‍ത്തു. വേളൂര്‍ ക്യഷ്ണന് കുട്ടി. ഇരുവരും ദിവസവും കോട്ടയം പട്ടണത്തിലൂടെ ഉച്ചയ്ക്ക് ശേഷം നടക്കാന്‍ ഇറങ്ങും. മടങ്ങി വരുന്നത് പിറ്റേന്നുള്ള ഉപ്പായി മാപ്ലയ്ക്കുള്ള നല്ല കുറച്ച് കമന്റുകളുമായാണ്. നല്ല ഒരു കമന്റ് തെരഞ്ഞെടുത്ത് ഉപ്പായി മാപ്ല പൂര്‍ത്തിയാക്കും.
ഒടുവില്‍ ജോര്‍ജും ഉപ്പായി മാപ്ലയായി
ഉപ്പായി മാപ്ലയും പോക്കറ്റ് കാര്‍ട്ടൂണ്‍ എന്നനിലയില്‍ പ്രശസ്തമായതോടെ നാട്ടുകാര്‍ ജോര്‍ജിനെ ഉപ്പായി മാപ്ല എന്നു വിളിച്ചു തുടങ്ങി. തന്റെ ഛായ കഥാപാത്രത്തിനുണ്ടോയെന്ന് അദ്ദേഹവും സംശയിക്കാതിരുന്നില്ല.
ഉപ്പായി മാപ്ല എന്ന ബോക്സ് കാര്‍ട്ടൂണ്‍ ജോര്‍ജ് കുമ്പനാട് പോയ ശേഷം കാര്‍ട്ടൂണിസ്റ്റ് റ്റോംസാണ് പിന്നീട് വരച്ചത്. റ്റോംസ് ഉപ്പായി മാപ്ലയെ ബോബനും മോളിയിലും കഥാപാത്രമാക്കി. ഇതു വിവാദമായതോടെ ബോബനും മോളിയില്‍ വരച്ചിരുന്ന ഉപ്പായി മാപ്ലയ്ക്ക് പകരമായി വരച്ച കഥാപാത്രമാണ് ചേട്ടന്.
ഉപ്പായി മാപ്ല കേരളധ്വനിയുടെ സ്വന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രസാധകനായ ഡോ. ജോര്‍ജ് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെയും കെ. എസ്. രാജനേയുംകൊണ്ട് അവരുടെ കാര്‍ട്ടൂണ്‍ കോളത്തില്‍ ഉപ്പായി മാപ്ലയെ വരപ്പിക്കുകയായിരുന്നു. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ ഇത്തരം സമാനമായ ഒരു സംഭവം ഉണ്ടാകാന്‍ ഇടയില്ല.
ജോര്‍ജ് നല്ല ഫോട്ടോഗ്രാഫര്‍കൂടിയായിരുന്നു. മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റേതായ ഒട്ടേറെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ ആഫ്രിക്കയില്‍ സോമാലി ലാന്റില്‍ ഇന്‍ഫര്‍മേഷന്‍ നല്ല ജോലി ലഭിച്ചു. കേരളധ്വനിയും, ഉപ്പായി മാപ്ലയും ഉപേക്ഷിച്ച് ജോര്‍ജ് ആഫ്രിക്കയിലെത്തി. അറേബ്യന്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ അറബി പ്രസിദ്ധീകരണത്തില്‍ ജോലി കിട്ടിയപ്പോള്‍ ആഫ്രിക്കയിലെ ജോലി ഉപേക്ഷിച്ചു.
അവിടെനിന്ന് ബ്രിട്ടീഷുകാരോടൊപ്പം അബുദാബി ടിവിയില്‍ ജോലി തുടങ്ങി. 1991ല്‍ ജൂലൈ മാസം അബുദാബി ടിവിയിലെ ജോലി ഉപേക്ഷിച്ച് ജന്മനാടായ കുമ്പനാട്ടേക്ക് മടങ്ങിയെത്തി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ മരിച്ചു.
ഇതോടെ പൂര്‍ണമായ വിശ്രമജീവിതമായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാഡമി വിശിഷ്ടാംഗത്വം നല്കി ജോര്‍ജിനെ ആദരിച്ചിരുന്നു. മൂന്നുവര്‍ഷം മുമ്പ് ജോര്‍ജിന്റെ വീട്ടിലെത്തിയാണ് അക്കാഡമി ആദരം അര്‍പ്പിച്ചത്.