ഹയര്‍ സെക്കന്‍ഡറി: എസ്പിസി പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി
1492509
Sunday, January 5, 2025 3:23 AM IST
പത്തനംതിട്ട: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റുഡന്റ്സ് പോലീസ് സീനിയര്‍ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നടന്നു. മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.
ദേശീയ, സംസ്ഥാന തലങ്ങളില്‍ നടക്കുന്ന പരേഡുകളുടെ നിലവാരത്തിനോപ്പംതന്നെ നില്ക്കുന്ന പ്രകടനമാണ് കേഡറ്റുകള്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പരിശീലനം നല്കിയ അധ്യാപകരേയും പോലീസ് ഉദ്യോഗസ്ഥരേയും മന്ത്രി പ്രശംസിച്ചു.
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ എസ്പിസി ബാന്‍ഡ് ടീം ബാന്‍ഡ് ഡിസ്പ്ലേ അവതരിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, പത്തനംതിട്ട അഡീഷണല്‍ പോലീസ് സൂപ്രണ്ടും എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ ആര്. ബിനു എന്നിവരും കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍, ജില്ലാ ട്രൈബല്‍ വികസന വകുപ്പ് ഓഫീസര്‍ എ. നിസാര്‍, എസ്പിസി പദ്ധതിയുടെ എഡിഎന്‍ഒ ജി.സുരേഷ് കുമാര്‍, എസ്പിസി ചുമതലയുള്ള പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ചുമതലയുള്ള അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍നിന്ന് പരേഡില്‍ പങ്കെടുത്ത പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്എസ്എസ്, പത്തനംതിട്ട ജിഎച്ച്എസ്എസ്, അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസ്, ഐരവണ്‍ പിഎസ് വിപിഎം എച്ച്എസ്എസ്, തോട്ടക്കോണം ജിഎച്ച്എസ്എസ്, ഇടയാറന്മുള എഎംഎം എച്ച്എസ്എസ് എന്നീ സ്കൂളുകള്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍നിന്ന് പങ്കെടുത്ത വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനും ചടങ്ങില്‍ ഉപഹാരം നല്കി.