വിലയില്ലെങ്കിൽ വേനൽക്കാല ടാപ്പിംഗ് നിർത്തിവയ്ക്കാൻ റബർ കർഷക കൂട്ടായ്മ
1492511
Sunday, January 5, 2025 3:23 AM IST
പത്തനംതിട്ട: വിലയില്ലെങ്കിൽ റബറില്ല എന്ന റബർ കർഷക സമരത്തിന്റെ രണ്ടാംഘട്ടമായി വേനൽ ക്കാല ടാപ്പിംഗ് ഉപേക്ഷിക്കുവാൻ റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ (എൻസിആർപിഎസ് ) കർഷകരോട് അഭ്യർഥിച്ചു.
വിലക്കുറവിനെ ഉത്പാദനംകൂട്ടി നേരിടാൻ പറയുന്ന റബർ ബോർഡ് നയം ടയർ ലോബിക്ക് റബർ കൊള്ളയടിക്കാൻ മാത്രമുള്ളതാണെന്ന് എൻസിആർപിഎസ് കുറ്റപ്പെടുത്തി. ഇതിനു പകരം വിലയില്ലെങ്കിൽ ഉത്പാദനം കുറച്ചു റബറിന്റെ പരിപാലനം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
വിളവെടുപ്പിന് ഇപ്പോൾ ലഭിക്കുന്ന 15 - 20 വർഷങ്ങൾക്കു പകരം 35 - 40 വർഷങ്ങളായി വർധിപ്പിക്കുന്നതിനും കർഷകർ തയാറാകണം. റബർ കർഷകന്റെഏറ്റവും വലിയ സമരായുധവും റബർ മരമാണ്. ഈ ആയുധം ശരിയായും ശക്തമായും ഉപയോഗിക്കുവാൻ കർഷകർ തയാറാകുകയാണ് വേണ്ടത്. ന്യായവില ലഭ്യമാകുമ്പോൾ മാത്രം പരമാവധി ഉത്പാദനം നടത്തണം .
അടുത്ത ടാപ്പിംഗ് സീസൺ ആരംഭിക്കുമ്പോഴും ന്യായവില നൽകാൻ ടയർ കമ്പനികൾ തയാറാകുന്നില്ലെങ്കിൽ റബർ ബോർഡിന്റെ റെയിൻ ഗാർഡിംഗ് പദ്ധതി നടപ്പാക്കുന്നതിൽനിന്ന് ഉത്പാദക സംഘങ്ങൾ പിൻമാറുന്ന സാഹചര്യം ഉണ്ടാകുമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കേരളത്തിലെ റബർ കർഷകർക്ക് വിലയിടിവുമൂലം വില്പന തടസപ്പെട്ടിരിക്കുന്ന റബർ ന്യായവില നൽകി സംഭരിക്കാൻ കേരള സർക്കാർ തയാറാകണം. അന്തർദേശീയ വില വളരെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കയറ്റുമതി ലാഭകരമാണ്. എന്നാൽ അതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ലെന്നും എൻസിആർപിഎസ് ചൂണ്ടിക്കാട്ടി.
ദേശീയ പ്രസിഡന്റ് വി.വി. ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബാബുജോസഫ്, രക്ഷാധികാരി സുരേഷ് കോശി, വൈസ് പ്രസിഡന്റുമാരായ ഏബ്രഹാം വർഗീസ് നിലമ്പൂർ,
കെ.എസ്. മാത്യു പാലാ, ജോർജ് കൊട്ടാരം,ദേശീയ നേതാക്കളായ മുഹമ്മദ് മാസ്റ്റർ മണ്ണാർക്കാട്, ഗോപാലകൃഷ്ണൻ, ടി.സി. ചാക്കോ കോട്ടയം, ടി.കെ. സാജു പത്തനംതിട്ട, സാബു മഞ്ചേരി, ബേബി ഗണപതി പ്ലാക്കൽ ജോർജ് ഇടുക്കി തുടങ്ങിയവർ പ്രസംഗിച്ചു.