കൂടല്‍ സ്റ്റേഡിയം നിര്‍മാണത്തിന് ഒരുകോടി രൂപ
1492321
Saturday, January 4, 2025 3:40 AM IST
കോന്നി: കൂടല്‍ സ്റ്റേഡിയം നിര്‍മാണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയം നിര്‍മാണം നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് കൂടല്‍ സ്റ്റേഡിയം നിര്‍മാണത്തിനു തുക അനുവദിച്ചത്. പ്രവൃത്തിയുടെ 50 ശതമാനം തുക സംസ്ഥാന കായിക വകുപ്പും 50 ശതമാനം തുക എംഎല്‍എ, പഞ്ചായത്ത് ഫണ്ടുകളില്‍നിന്നും ചെലവഴിക്കും.
ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള കൂടല്‍ സ്റ്റേഡിയം നവീകരിക്കണമെന്ന് ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. ഒരു കോടി രൂപയ്ക്ക് നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടത്താന്‍ അനുയോജ്യമായ മഡ് കോര്‍ട്ടാണ് നിര്‍മിക്കുക.
സ്റ്റേഡിയത്തിന്റെ വശങ്ങളില് സ്റ്റെപ്പ് ഗാലറിയും ഓപ്പണ്‍ ജിംനേഷ്യവും ടോയ്ലറ്റ് സമുച്ചയവും ഉണ്ടായിരിക്കും. വശങ്ങളില് കമ്പിവേലിയും സ്ഥാപിക്കും.സ്റ്റേഡിയത്തില്‍ വെള്ളം കെട്ടി നില്ക്കാതിരിക്കാന് ആവശ്യമായ ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സ്റ്റേഡിയത്തില്‍ നിലവിലുള്ള സ്റ്റേജ് നവീകരിക്കും.
61 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയുമുള്ള മഡ് ഫുട്ബോള്‍ കോര്‍ട്ടാണ് നിര്‍മിക്കുക.നിര്‍മാണം വേഗത്തില്‍ ആരംഭിക്കുന്നതിനു കായിക വകുപ്പിന്റെയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.