കടമ്മനിട്ട ഗവണ്മെന്റ് എച്ച്എസ്എസ് ശതാബ്ദി ഉദ്ഘാടനം ഒമ്പതിന്
1492322
Saturday, January 4, 2025 3:40 AM IST
പത്തനംതിട്ട: കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷം 9, 10, 11 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശതാബ്ദി ആഘോഷ വിളംബര ഘോഷയാത്ര ഒമ്പതിനു രാവിലെ ഒമ്പതിന് സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്ന നിരവത്ത് ജംഗ്ഷനില്‍നിന്ന് ആരംഭിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും.
പത്തിന് രാവിലെ 10.30 ന് വിദ്യാഭ്യാസ സെമിനാര്‍ കേരള യൂണിവേഴ്സിറ്റി ബയോ ഇന്‍ഫോര്‍മാറ്റിക്സ് വകുപ്പ് മുന്‍ തലവന്‍ ഡോ.അച്ചുത് ശങ്കര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി, പ്രമോദ് നാരായണ്‍ എംഎല്‍എ, ഡോ. എം.എം. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജയന് മോഡറേറ്ററായിരിക്കും. സമ്മേളനത്തില്‍ പൂര്‍വവിദ്യാര്‍ഥികളെയും ഗുരുക്കന്മാരേയും ആദരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനാധിപന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത സാംസ്കാരിക സന്ദേശം നല്‍കും. അഞ്ചിന് ഗായകന് അനു വി. സുദേവ് നയിക്കുന്ന സംഗീത സമന്വയം.
11 ന് രാവിലെ 10.30 ന് കവിയരങ്ങ് കവി മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ശതാബ്ദി ആഘോഷ സമാപന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടം ചെയ്യും.
വൈകുന്നേരം ആറിന് സാരംഗ് പത്തനംതിട്ടയുടെ ഗാനമേള. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാനതലത്തിലുള്ള ക്വിസ് മത്സരവും നടക്കും. മുന്‍ എംഎല്‍എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്മാന് വി.കെ. പുരുഷോത്തമന് പിള്ള, പ്രിന്‍സിപ്പല്‍ പി.വി. ഗീതാ കുമാരി, ജോയിന്റ് കണ്‍വീനര്‍ രജനി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് എന്‍.ജി. ഷമിള്‍ കുമാര്‍, റെജി തോമസ്, കെ. ഹരിദാസ് , ശ്രീകുമാര്‍ മുഞ്ഞിനാട്ട് , ബിജു മലയില്‍ എന്നിവര്‍ പത്രസമ്മേനത്തില്‍ പങ്കെടുത്തു.