ഉജ്വല ബാല്യ പുരസ്കാരം: നന്ദനയും ഹനാനും തിളങ്ങി
1492340
Saturday, January 4, 2025 4:04 AM IST
കോഴഞ്ചേരി: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിതാ ശിശു വികസന വകുപ്പ് നല്കുന്ന ഉജ്വല ബാല്യ പുരസ്കാരത്തിന്റെ മികവില്‍ നന്ദനയും ഹനാനും. പത്തനംതിട്ട ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് ഇത്തവണ ഉജ്വല ബാല്യ പുരസ്കാരം ലഭിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്കാരത്തിനു പരിഗണിക്കാനുള്ളവരുടെ പട്ടിക തയാറാക്കിയത്.
പൊതു വിഭാഗത്തില്‍ കായിക മേഖലയില്‍ ജുവീന ലിസ് തോമസ്, കല, സാഹിത്യ, ചിത്ര രചന മേഖലയില്‍ ഗൗരി ജി. ഉണ്ണിത്താന്, ഭിന്നശേഷി വിഭാഗത്തില്‍ കലാ മേഖലയില്‍ ഹനാന് റെയ്ച്ചല്‍ പ്രമോദ്, കൃഷി മേഖലയില്‍ നന്ദനാ നായര്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
ഭിന്നശേഷി വിഭാഗത്തില്‍ കാര്‍ഷിക മേഖലയില്‍ പുരസ്കാരം ലഭിച്ച നന്ദനാ നായര്‍ക്ക് രുചിക്കൂട്ടുകളൊരുക്കുന്നതില് ശാരീരിക പരിമിതികള്‍ തടസമായിട്ടില്ല. നന്ദനയുടെ അരയ്ക്കുതാഴേക്ക് ജന്മനാ തളര്‍ന്നതാണ്. ഇക്കണോമിക് ന്യൂട്രീഷന്‍ ഫുഡ് ഐറ്റംസ് ആന്‍ഡ് വെജിറ്റബിള്‍ ഫ്രൂട്ട് പ്രിസര്‍വേഷന്‍ ഉത്പന്ന നിര്‍മാണത്തില്‍ നന്ദന സ്കൂള്‍ വിഭാഗത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
നാരങ്ങാനം ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ ഉപജില്ല, ജില്ലാ പ്രവൃത്തി പരിചയമേളയില്‍ ഇതേ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പ്ലാവില തോരന്‍, ചേന മീന്‍ കറി, വൈറ്റ് സോസ്, ചെമ്പരത്തിപ്പൂവ് ജൂസ്, വിവിധ തരം സാലഡുകള്‍, സംഭാരം, ചക്ക പുട്ട്, പായസം, ഓമയ്ക്കാ അച്ചാര്‍ തുടങ്ങി പന്ത്രണ്ട് ഇനങ്ങളാണ് മത്സരത്തിനായി നന്ദന അന്ന് ഉണ്ടാക്കിയത്. പാചകം മാത്രമല്ല സീഡ് പെന്‍, ലപ്പ്, പേപ്പര്‍ഫയല്‍ എന്നിവ തയാറാക്കാനും നന്ദനയ്ക്ക് വളരെ താത്പര്യമാണ്. ആത്മവിശ്വാസവും കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണയുമാണ് നന്ദനയുടെ മുതല്‍ക്കൂട്ട്.
പഠനത്തിലും കുട്ടി മിടുക്കിയാണെന്ന് നന്ദനയുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്കുന്ന സ്പെഷല്‍ എഡ്യുക്കേറ്ററായ പ്രിയ പി. നാരായണന് പറഞ്ഞു. നാരങ്ങാനം ചാന്ദ്രത്തില്പ്പടി കുറിയനേത്ത് വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ മനോജിന്റെയും ശ്രീവിദ്യയുടെയും മകളാണ് നന്ദന. സഹോദരി കീര്‍ത്തന നാരങ്ങാനം ജിഎച്ച്സ്എസ് വിദ്യാര്‍ഥിനിയാണ്.
ഭിന്നശേഷി വിഭാഗത്തില്‍ കലാ മേഖലയില്‍ ഉജ്വല ബാല്യം അംഗീകാരം നേടിയ ഹനാന് റെയ്ച്ചല്‍ പ്രമോദ് കുമ്പനാട് ഗവണ്മെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കലാപരമായ ഒട്ടനവധി കഴിവുകളുള്ള ഹനാന് ഉപകരണ സംഗീതം, നാടോടി നൃത്തം എന്നീ മേഖലയില്‍ മൂന്ന് തവണ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
സാമൂഹികക്ഷേമ വകുപ്പിന്റെ പ്രതിഭാ പുരസ്കാരവും കുട്ടിക്കര്‍ഷക അവാര്‍ഡും നേരത്തെ ലഭിച്ചിരുന്നു. ഇലന്തൂര്‍ പുളിന്തിട്ട കൊച്ചുവിള വടക്കേതില്‍ പ്രമോദ്-സൗമ്യ ദമ്പതികളുടെ മകളാണ് ഹനാന്.
സെറിബ്രല്‍ പാഴ്സിയെയും കാഴ്ച പരിമിതിയെയും മറികടന്ന് നൃത്തച്ചുവടുകളിലും വാദ്യോപകരണങ്ങള്‍ വായിക്കുന്നതിലും ഹനാന് മികവ് പുലര്‍ത്തിവരുന്നു. പുല്ലാട് ബിആര്‍സിയിലെ ഓട്ടിസം സെന്ററിലെ ഫിസിയോതെറാപ്പി, സ്പീച് തെറാപ്പി സ്പെഷല്‍ എഡ്യുക്കേഷനാണ് ഇപ്പോള്‍ നേടുന്നത്.