യുവതലമുറയെ ദിശാബോധമുള്ളവരാക്കുന്നതിൽ ഗ്രന്ഥശാലകളുടെ പങ്ക് നിർണായകം : മേയർ
1544760
Wednesday, April 23, 2025 6:26 AM IST
ചവറ : ലഹരിയുടെ വർധിത വ്യാപന കാലത്ത് യുവതീയുവാക്കളെ നേർവഴിക്കു നയിക്കുന്നതിൽ ഗ്രന്ഥശാലകളുടെ പങ്ക് നിർണായകമാണെന്നും, ആ ഉത്തരവാദിത്വം നിർവഹിക്കാൻ ഗ്രന്ഥശാല പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകേണ്ട കാലമാണിതെന്നും മേയർ ഹണി ബെഞ്ചമിൻ.
പൊന്മന സംസ്കൃതി ഗ്രന്ഥശാലയുടെ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.ഗ്രന്ഥശാലപ്രസിഡന്റ് സാംസൺ പൊന്മന അദ്ധ്യക്ഷനായി. ജില്ലയിലെ മികച്ച ലൈബ്രറിക്കും താലുക്കിലെ മികച്ച ലൈബ്രേറിയനുമുള്ള സംസ്കൃതി അവാർഡുകളും, വിദ്യാഭ്യാസ സ്കോളർഷിപ്പുകളും മുൻ എംപി രമ്യഹരിദാസ് വിതരണം ചെയ്തു.
ജില്ലയിലെ മികച്ച ലൈബ്രേറിയായി തെരഞ്ഞെടുക്കപ്പെട്ട മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലക്ക്, വടക്കേഭാഗത്ത് ബാലപ്പൻപിള്ള സ്മാരക10001രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും അടങ്ങിയ സംസ്കൃതി പുരസ്കാരവും നൽകി.താലുക്കിലെ മികച്ച ലൈബ്രേറിയനായി ഏർപ്പെടുത്തിയ മംഗലത്ത് ആർ.സുഭാഷ്ചന്ദ്രൻ സ്മാരക5001 രൂപ കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലാ ലൈബ്രേറിയൻ ശിവചന്ദ്രൻ ഏറ്റുവാങ്ങി.
പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി . ശ്രീകല, നാടകകൃത്ത് അഡ്വ. മണിലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്അഡ്വ.പി.ബി.ശിവൻ, വാർഡ് മെമ്പർ ജയചിത്ര, ഗീത, സെക്രട്ടറി ആർ.മുരളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നറുക്കെടുപ്പും സമ്മാനവിതരണവും, കലാവിരുന്നും നടന്നു.