കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം: പുനരുദ്ധാരണം നടത്തി ശ്രീകോവിൽ സമർപ്പിച്ചു
1544757
Wednesday, April 23, 2025 6:19 AM IST
കൊട്ടാരക്കര: ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശ്രീകോവിലിന്റെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
വർഷങ്ങളായി ചോർച്ച മൂലം ജീർണാവസ്ഥയിലേക്ക് മാറിയ ശ്രീ കോവിൽ ശോചനീയാവസ്ഥയിൽ ആയിരുന്നു. ശിവൻ, ഗണപതി, ദേവി എന്നിവയുടെ മേൽക്കൂര ഭാഗങ്ങളിൽചോർച്ചയെ തുടർന്ന് ഉരുളികൾ വച്ചാണ് വിഗ്രഹങ്ങളുടെ മുകളിൽ മഴ വെള്ളം വീഴാതെ ശാന്തിക്കാർ സംരക്ഷിച്ച് വന്നിരുന്നത്.
ശ്രീകോവിൽ 50 ലക്ഷം രൂപ ചിലവാക്കിയാണ് നവീകരിച്ചത്. മേൽക്കൂരയുടെ തടികൾ പൂർണമായും മാറ്റി പുതിയത് സ്ഥാപിച്ച് ചെമ്പോല പാകി.ശ്രീകോവിലി െ ന്റ താഴിക കുടം സമർപണവും കലശ പൂജയും ക്ഷേത്രം തന്ത്രി മുഖ്യൻ ഗോവിന്ദൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി രതീഷ് കുമാർ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.
ചടങ്ങിൽ ദേവസ്വം ചീഫ് എൻജിനീയർ രഞ്ജിത് ശേഖർ, എക്സിക്യൂട്ടീവ് എൻജിനീയർ വിജയമോഹനൻ, അസിസ്റ്റന്റ് കമ്മീഷണർ സൈനു ലാൽ, അഡ്മിനി സ്ട്രേറ്റീവ് ഓഫിസർ സുഷമ,അസിസ്റ്റ ന്റ്എൻജിനീയർ ആതിര കൃഷ്ണൻ, ഉപദേശക സമിതി പ്രസിഡന്റ് വി. അനിൽകുമാർ, സെക്രട്ടറി സ്മിത രവി, കീഴ്ശാന്തി നാരായണൻ നമ്പൂതിരി, സഹ ശാന്തി എൻ. കൃഷ്ണകുമാർ പോറ്റി ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.