കൊട്ടാരക്കരയിൽ പോലീസ് ഓഫീസേഴ്സ് ലഹരി വിരുദ്ധ ഓപ്പൺ ഫോറം നടത്തി
1544761
Wednesday, April 23, 2025 6:26 AM IST
കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി വ്യാപനവും ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷത്തുകളെയും പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് കൈകോർക്കാം യുവതിക്കായ്' എന്ന പേരിൽ കൊട്ടാരക്കരയിൽ ഓപ്പൺ ഫോറം നടത്തി.
കുറ്റകൃത്യങ്ങളെയും ലഹരി വ്യാപനത്തെയും കുറിച്ചുള്ള അറിവുകൾ പോലീസിനെ അറിയിക്കാൻ പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി പത്താം കൊല്ലം റൂറൽ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് ഓപ്പൺ ഫോറം നടത്തിയത്.
കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ അഡ്വ.കെ. ഉണ്ണികൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, മുഖ്യ സാന്നിദ്ധ്യമായി പങ്കെടുത്തു.
കൊട്ടാരക്കര ഡി വൈ എസ് പി ബൈജു കുമാർ.കെ, കെ പി എ ജില്ലാ പ്രസിഡന്റ് എ.എസ്. ശിവേഷ്,പോലീസ് ഹൗസിങ് സഹകരണ സംഘം ഭരണ സമിതി അംഗം സിന്ധു.പി.കെ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എസ്.ആനന്ദ്, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സൗമ്യ മനോജ്,
കൊട്ടാരക്കര പ്രസ്സ് ക്ലബ് പ്രസിഡന്റ് പി. അഭിലാഷ്, കൊല്ലം ഡാൻസാഫ് എസ് ഐ ദീപു എന്നിവർ പ്രസംഗിച്ചു. പത്തനാപുരം എസ് എച്ച് ഒ ബിജു മോഡറേറ്ററായിരുന്നു. എസ്. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.