കത്തിയമര്‍ന്നത് ലതയുടെ പ്രതീക്ഷകള്‍
1544442
Tuesday, April 22, 2025 6:35 AM IST
അഞ്ചല്‍ : ഉടുതുണി പോലും ബാക്കിയാക്കാതെ വിനോദ് വീട് അഗ്നിക്കിരയാക്കിയപ്പോള്‍ കത്തിയമര്‍ന്നത് ലതയുടെ പ്രതീക്ഷകളായിരുന്നു.
ഏരൂര്‍ പഞ്ചായത്തിലെ ചില്ലിംഗ് പ്ലാന്റില്‍ മംഗലത്തറ വീട്ടില്‍ വിനോദ് കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീകൊളുത്തിയ ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. നിത്യവും മദ്യപിച്ചെത്തുന്ന വിനോദ് ഭാര്യയായ ലതയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
പലതവണ പോലീസില്‍ പരാതി നല്‍കുകയും ഇരുവരും അകന്ന് കഴിയുകയും ചെയ്തിരുന്നു.
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് വിനോദിന്റെ മര്‍ദനത്തില്‍ ലതയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ ചികിത്സ തേടി വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും വീട്ടിലെത്തിയ വിനോദ് അതിക്രമം കാട്ടുന്നത്. വീട്ടിലെ ഉപകരണങ്ങള്‍ എല്ലാം വാരിവലിച്ചെറിഞ്ഞ വിനോദ് ഊണുമേശയും തകര്‍ത്തു. ഇതെല്ലാം കണ്ടിട്ടും ആക്രമണം ഭയന്ന ലതയും മരുമകളും മുറിക്കുള്ളിൽ കതക് അടച്ചിരിക്കുകയായിരുന്നു.
എന്നാല്‍ വീടിന് തീയിടുമെന്ന ആവര്‍ത്തിച്ചുള്ള വിനോദിന്റെ ആക്രോശത്തില്‍ ലതയുടെ മരുമകള്‍ക്ക് സംശയമുണ്ടായി. ഇതിനിടയിലാണ് വിനോദ് അടുക്കളയില്‍ ഇരുന്ന ഗ്യാസ് സിലിണ്ടര്‍ കിടപ്പുമുറിയില്‍ എത്തിച്ച് തീയിടുന്നത്.
ഇതിന് തൊട്ടുമുമ്പ് ലതയും മരുമകളും ഇവരുടെ കുഞ്ഞും വീടിന് വെളിയില്‍ ഇറങ്ങുകയും സമീപത്തെ മറ്റൊരു വീട്ടില്‍ അഭയം തേടുകയുമാണ് ഉണ്ടായത്. ഏരൂര്‍ പോലീസ് സ്ഥലത്തെത്തി വിനോദിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വീടിന്റെ കതക് തുറക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല.
ഗ്യാസ് സിലിണ്ടര്‍ ആയതിനാല്‍ തന്നെ അപകടം മനസിലാക്കിയ പോലീസ് ഫയര്‍ ഫോഴ്സ് സംഘത്തെ ഉടൻ വിളിച്ചുവരുത്തി.
ഇതിനിടയിലാണ് സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ മേല്‍ക്കൂര പൂർണമായും തകര്‍ന്നു. ഭിത്തികള്‍ തകര്‍ന്നുവീണു. അലമാരയും അതിനുള്ളിലുണ്ടായിരുന്ന തുണികള്‍ ഉള്‍പ്പടെ കത്തിയമര്‍ന്നു. സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ പൊട്ടിചിതറി.
ഭിത്തികള്‍ക്കും വിള്ളല്‍ വീണു. തീപിടിച്ചു വിനോദ് മരിച്ചിട്ടുണ്ടാകും എന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ തീകെടുത്തി ഉള്ളില്‍ കയറി നടത്തിയ പരിശോധനയിലാണ് അടുക്കളയോട് ചേര്‍ന്ന മുറിയില്‍ വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പഞ്ചായത്തില്‍ നിന്നും ലഭിച്ച തുകയും ഏറെക്കാലം ലത കൂലിവേല ചെയ്തുണ്ടാക്കിയ പണവും ഉപയോഗിച്ച് നിർമിച്ച കുടുംബത്തിന്റെ കിടപ്പാടമാണ് വിനോദ് ഗ്യാസ് സിലിണ്ടറിൽ തീകൊളുത്തി തകർത്ത് തരിപ്പണമാക്കിയത്.
പി. സനില്‍കുമാര്‍