അങ്കണവാടി കെട്ടിടത്തിന്റെ പണി നിലച്ചു; കുട്ടികള്‍ പഠിക്കുന്നത് വാടക കെട്ടിടത്തില്‍
1544204
Monday, April 21, 2025 6:15 AM IST
പേരൂര്‍ക്കട: പുതിയ കെട്ടിടമെന്ന നാട്ടുകാരുടെ സ്വപ്നം ബാക്കിയാക്കി അങ്കണവാടി കെട്ടിടത്തിന്റെ പണി നിലച്ചു. പാതിരിപ്പള്ളി വാര്‍ഡില്‍ ഭഗത്സിംഗ് നഗര്‍ മച്ചനാട് ലെയിനില്‍ ആരംഭിച്ച പുതിയ രണ്ടുനില കെട്ടിടത്തിന്റെ പണിയാണ് പകുതിവഴിയില്‍ നിലച്ചിരിക്കുന്നത്.
2023-ലാണ് മച്ചനാട് ലെയിന്‍ റോഡില്‍ പുതിയ ആംഗന്‍വാടി കെട്ടിടം പണിയുന്നതിനുള്ള ഫണ്ട് നഗരസഭ അനുവദിച്ചത്. താഴത്തെ നിലയില്‍ കുട്ടികളുടെ അങ്കണവാടിയും മുകളിലത്തെ നിലയില്‍ വിശാലമായ ഹാളുമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി അങ്കണവാടി കെട്ടിടത്തിന്റെ പണി നടക്കുന്നില്ല.
കെട്ടിടത്തിന്റെ പണിക്കുവേണ്ടി കൊണ്ടുവന്ന തടികളും മറ്റും ചിതലെടുത്തുകൊണ്ടിരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ നടക്കാതായതോടെ കെട്ടിടത്തിന്റെ മുകളറ്റം വരെ വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയിട്ടുണ്ട്. ഏകദേശം രണ്ടുസെന്റ് വരുന്ന സ്ഥലം സ്വകാര്യവ്യക്തിയില്‍നിന്ന് വാങ്ങിയാണ് അങ്കണവാടിക്കുള്ള സ്ഥലം കണ്ടെത്തിയത്. നിലവില്‍ വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചുവരുന്നത്.
നാലാഞ്ചിറ കോട്ടമുകളിനു സമീപം പ്രവര്‍ത്തിക്കുന്ന ഈ താത്കാലിക അങ്കണവാടിയില്‍ ഏകദേശം 15 കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്ഥലസൗകര്യം കുറവായ ഇവിടെനിന്നു പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റണമെന്നതു രക്ഷിതാക്കളുടെയും പ്രദേശവാസികളുടെ സ്വപ്നമായിരുന്നു. ഇതാണ് ഇപ്പോള്‍ പ്രേതതുല്യമായ കെട്ടിടമായി ഇവിടെ അവശേഷിക്കുന്നത്.
തിരുവനന്തപുരം നഗരസഭാ ഭരണസമിതിയുടെ കാലാവധി കഴിയാന്‍ ഇനി മാസങ്ങളാണ് ഉള്ളത്. ഏതായാലും കെട്ടിടത്തിന്റെ പണി മുന്നോട്ടു പോകുമെന്ന പ്രതീക്ഷയൊന്നും ഇപ്പോള്‍ നാട്ടുകാര്‍ക്കില്ല. ലക്ഷങ്ങളുടെ ഫണ്ട് പാഴായിപ്പോകുമെന്ന സങ്കടമാണ് പ്രദേശവാസികള്‍ക്കുള്ളത്.