യുഎഇ എമിറേറ്റ്സ് പര്യടനം പൂർത്തിയാക്കി കിപ്സ് ടീം
1544201
Monday, April 21, 2025 6:15 AM IST
കൊട്ടാരക്കര : കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ(കിപ്സ്) ടീമിന്റെ 10 ദിവസത്തെ യുഎഇ എമിറേറ്റ്സ് പഠന പര്യടനത്തിന് വിജയകരമായ സമാപനം.സാംസ്കാരിക വൈവിധ്യം നിറഞ്ഞ ക്ലാസ് മുറികൾക്ക് അപ്പുറമുള്ള പഠന പര്യടനം വിദ്യാർഥികൾക്ക് നവ്യാനുഭവമായി. യുഎഇയിലെ ഏഴു എമിറേറ്റ്സുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ, ചരിത്ര കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു.
ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ ഡയറക്ടർ രവി തോമസിന്റെ ക്ഷണ പ്രകാരമായിരുന്നു യാത്ര. നേരത്തെ ദുബായിൽ നടന്ന ലോക സ്കൂൾ ഉച്ചകോടിയിൽ ബെസ്റ്റ് ഓൾറൗണ്ടർ സ്കൂൾ പദവി നേടിയത് മികവിന്റെ അംഗീകാരമായി. കിപ്സിലെ വിദ്യാർഥികൾ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പഠന യാത്രാ പരിപാടിയിൽ സംബന്ധിക്കുന്നത് ആദ്യമായാണ്. വരുംവർഷങ്ങളിലും രാജ്യാന്തര പഠന പരിപാടികൾ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കിപ്സ് ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം, വൈ. തങ്കച്ചൻ, ജെഫ്ന സാജൻ , ജെസ്ലിൻ ഹന്നാ റോയ് , ഹന്നാ സാജൻ, ജോഹിൻ ജിജു , നന്ദ കിഷോർ , ടെയിവിക് ആൻസൺ തോമസ് , എയ്താൻ ജോർജ് സാം, റോസമ്മ തങ്കച്ചൻ,ആൻ മേരി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പഠന പര്യടനത്തിൽ പങ്കെടുത്തത്.
എല്ലാ അധ്യയനവർഷവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരും നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള സാമൂഹ്യ സാംസ്കാരിക രാജ്യാന്തര നേതാക്കൾ സ്കൂൾ സന്ദർശിക്കുകയും വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു വരുന്നു.