ലോകത്തിന് മുന്നിൽ ഫ്രാൻസിസ് പാപ്പ പ്രത്യാശയുടെ സൗമ്യമുഖം: ബിഷപ്
1544435
Tuesday, April 22, 2025 6:35 AM IST
കൊല്ലം :കഴിഞ്ഞ 12 വര്‍ഷമായി ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പ കാലം ചെയ്തു എന്ന വാര്‍ത്ത വേദനാജനകമാണെന്ന് കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി അനുശോചന കുറിപ്പിൽ അറിയിച്ചു.
എളിമയോടുകൂടി പ്രകൃതിയെ സ്നേഹിച്ച അസീസിയിലെ വി ഫ്രാന്‍സിസിന്റെ നാമം എടുത്ത പരിശുദ്ധ പിതാവിന്റെ നേതൃത്വവും അതിനടുത്തതായിരുന്നു. തന്റെ ലാളിത്യവും ജീവിത വിശുദ്ധിയും കൊണ്ട് ലോകരെ പ്രകാശിപ്പിച്ച പരിശുദ്ധ പാപ്പ ലോകത്തിനുമുന്നില്‍ ദൈവത്തിന്റെ കരുണയുടെ മുഖമായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ പക്ഷം ചേരലും ഇതരമതവിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ഏറെ ശ്രദ്ധേയമായിരുന്നു. ഈ കാലഘട്ടത്തിന്റെ പാപ്പ ആയിരുന്നു പരിശുദ്ധ പിതാവ് എന്ന് നിസംശയം പറയാന്‍ സാധിക്കുമെന്നും ബിഷപ് പറഞ്ഞു.
ലോകത്തിനു മുന്നില്‍ എന്നും ചെറുപുഞ്ചിരിയോടെ പ്രത്യാശയുടെ സൗമ്യ മുഖമായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ സാഹോദര്യത്തെയും മനുഷ്യന്റെ അനന്തമായ മഹത്വത്തയും പ്രഘോഷിക്കുകയും ചെയ്തു. അതിനാല്‍തന്നെ തിരു സഭയുടെ കാനോന്‍ നിയമങ്ങള്‍ക്കു കാലോചിതമായ നവീകരണം നടത്തി. ഏറെ പ്രത്യേകിച്ചും നീതി വേഗം ലഭിക്കത്തക്കവിധത്തിലും, ഗൗരമേറിയ കുറ്റങ്ങളുടെ മേലുള്ള നടപടികളെയും കുറിച്ചുള്ള നിയമങ്ങള്‍ നവീകരിച്ചു. ദരിദ്രരോടു കരുണ കാട്ടുവാന്‍ സഭാമക്കള്‍ക്ക് പ്രചോദനമായി. പാവപ്പെട്ടവരുടെ ഞായറാഴ്ചയാചരണം സഭയില്‍ വരുത്തി, അവരുമൊത്തുള്ള പാപ്പയുടെ പന്തിഭോജനവും ശ്രദ്ധേയമായി.
കൂട്ടികളുടെ ദിനവും, മുത്തശിമുത്തച്ഛന്മാരുടെ ദിനവും കത്തോലിക്കാസഭയുടെ ആചരണമാക്കി, ജയിലിലെ നിവാസികളുടെ പാദം കഴുകല്‍ ശുശ്രൂഷ തുടങ്ങി. ഭിന്നശേഷിക്കാരോടും വ്യത്യസ്ത ലൈംഗീക ആഭിമുഖ്യമുള്ളവരോടും കരുണയും, ആര്‍ദ്രതയും പരിഗണനയും നൽകാൻ തന്റെ വാക്കാലും പ്രവര്‍ത്തിയാലും പാപ്പ ക്രിസ്തുവിന്റെ പ്രകാശം ലോകമെങ്ങും പരത്തി. 12 വര്‍ഷത്തെ പാപ്പയുടെ ശുശൂഷാകാലത്ത് 64 ശ്ശ്ലൈഹികസന്ദര്ശനങ്ങള് വിവിധ രാജ്യങ്ങളില്‍ നടത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്കി. യുവജന ദിനങ്ങള്‍ പ്രത്യാശ പകരുന്ന സന്ദര്‍ഭങ്ങളാക്കി തീര്‍ത്തു. പ്രത്യാശയുടെ വാക്കുകളോടെയാണ് ഈ ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നഗരത്തിനും ലോകത്തിനും ആശീര്‍വാദം നൽകിയതെന്നും ബിഷപ് അനുസ്മരിച്ചു.
കലാപങ്ങളില്‍ ചിന്നഭിന്നമായ നാടുകളില്‍ അനുരഞ്ജനവും സമാധാനവും ഉണ്ടാകുവാന്‍ നിരായുധീകരണവും മതസ്വാതന്ത്യവും ആവശ്യപ്പെട്ടിട്ടും ലോക നേതാക്കളോട് തങ്ങൾക്കുള്ള എല്ലാ വിഭവങ്ങളും പട്ടിണിയും അന്ധകാരത്തെയും അകറ്റുവാനായി ആവശ്യപ്പെട്ടു. വിദ്വേഷത്തെയും അന്ധകാരത്തെയും ജയിക്കുന്നതിനും സൗഖ്യപ്പെടുത്തുന്നതിനുമുള്ള ശക്തിയാണ് ക്രിസ്തുവിന്റെ ഉഥാനം. ലോകം മുഴുവനും ഈസ്റ്ററിന്റെ ആനന്ദം ആശീര്‍വദിച്ചുകൊണ്ട് ഉഥിതനായ യേശുവിനോടൊപ്പം ആയിരിക്കുവാന്‍ പാപ്പ യാത്രയായി.