കെഎംഎംഎൽ - എംഎസ് യൂണിറ്റ് തൊഴിലാളികളെ സ്ഥിരപ്പെടുത്തണം: പി.ജർമിയാസ്
1544441
Tuesday, April 22, 2025 6:35 AM IST
ചവറ : കെഎംഎംഎൽ മിനറൽ സെപ്പറേഷൻ യൂണിറ്റിലെ 792 ഡിസി ഡബ്ള്യൂ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.പി .ജർമിയാസ് ആവശ്യപ്പെട്ടു. കെഎംഎംഎൽ കോവിൽത്തോട്ടം എംഎസ് യൂണിറ്റിനു മുമ്പിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ജർമിയാസ്.
കെഎംഎംഎൽ ധാതുമണൽ ഖനനത്തിനുവേണ്ടി വീടും സ്ഥലവും കമ്പനിക്ക് നൽകിയതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വീതം കെഎംഎംഎല്ലിന്റെ എംഎസ് യൂണിറ്റിൽ സ്ഥിരനിയമനം നൽകാമെന്ന കരാർ നടപ്പിലാക്കുന്നതിൽ നിന്നും സർക്കാർ പിന്നോക്കം പോയെന്നും ജർമിയാസ് ആരോപിച്ചു. 2005-ൽ ഉമ്മൻചാണ്ടി സർക്കാർ 483 കാഷ്വൽ തൊഴിലാളികളെ എംഎംഎൽ - എംഎസ് യൂണിറ്റിൽ സ്ഥിരപ്പെടുത്തിയ മാതൃക സംസ്ഥാന സർക്കാർ കാട്ടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വം നൽകുമെന്നും ജർമിയാസ് മുന്നറിയിപ്പ് നൽകി.
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കെഎംഎംഎൽ - എംഎസ് യൂണിറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണയിൽ യുടിയുസി സംസ്ഥാന സെക്രട്ടറി ടി.സി.വിജയൻ അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഇ.യൂസഫ്കുഞ്ഞ്, ബിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം പരിമണം ശശി, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ്.ജെ.നെറ്റോ, യുഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പൊന്മന നിഷാന്ത്, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി സിനിൽ, യുടിയുസി എംഎസ് യൂണിറ്റ് സെക്രട്ടറി സന്തോഷ് ഇടയില മുറിയിൽ എന്നിവർ പ്രസംഗിച്ചു.