കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍
1544203
Monday, April 21, 2025 6:15 AM IST
കൊല്ലം : കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണം അന്തിമഘട്ടത്തിൽ. തദ്ദേശസ്വയംഭരണ സ്ഥാപന പിന്തുണയോടെ ഡയാലിസിസ് യൂണിറ്റും കൂടി ആശുപത്രിയിൽ വരും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഓടിട്ട കെട്ടിടത്തിലാണ് ആശുപത്രി തുടങ്ങിയത്.
നിലവില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 2020 - ല്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും മെച്ചപ്പെട്ട സൗകര്യത്തോടെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണം തുടങ്ങിയത്.
പ്രദേശത്തെ സാധാരണക്കാരായ കശുവണ്ടി, കയര്‍, മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. പുതിയ കെട്ടിടം വരുന്നതോടെ രോഗികള്‍ക്കായി 150 കിടക്കകളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേ വാര്‍ഡും ഒപി സൗകര്യവും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാകും. നിലവില്‍ ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന് വിഭാഗങ്ങളാണുള്ളത്.
പുതിയ ഏഴുനില കെട്ടിടത്തിലേക്ക് ഓര്‍ത്തോഡോന്റിക്, സര്‍ജറി, ഇഎന്‍ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങള്‍ കൂടി എത്തും. രണ്ട് ഓപറേഷന് തീയറ്ററുകള്‍, നാല് ഐസിയു, ജനറല്‍ പേവാര്‍ഡ്, സ്കാനിംഗ് ലബോറട്ടറി, എക്സ്-റേ, പോസ്റ്റ്മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം എന്നിവകൂടി ഏര്‍പ്പെടുത്തുകയാണ്.
ചിറ്റുമല ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് യൂണിറ്റ്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍നിന്നും 65 ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങള്‍ വാങ്ങിയത്.
2024-25 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍നിന്നും 28 ലക്ഷം രൂപ നീക്കിയിരുത്തിയാണ് മറ്റ് ക്രമീകരണങ്ങള്‍ ചെയ്തത്. ഏഴ് ഡയാലിസിസ് യൂണിറ്റുകളുണ്ടാകും. ഒരേ സമയം ആറു രോഗികള്‍ക്ക് പ്രയോജനപ്പെടുത്താം.
ഇളമ്പള്ളൂര്‍, കരീപ്ര, എഴുകോണ്‍ തുടങ്ങി കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ രോഗികള്‍ക്കും ഡയാലിസിസ് യൂണിറ്റ് ആശ്വാസമേകും. രണ്ട് ഡയാലിസിസ് ടെക്നീഷ്യന്മാരേയും ശുചീകരണ തൊഴിലാളിയേയും നിയമിച്ചിട്ടുണ്ട്.