കാട്ടാൽ മുടിപ്പുരയിലെ തൂക്കപറണേറ്റ് ഉത്സവം സമാപിച്ചു
1544209
Monday, April 21, 2025 6:15 AM IST
കാട്ടാക്കട: നിലത്തിൽപ്പോരിൽ ദാരികനെ ദേവി വധിക്കുന്ന ചടങ്ങിനുശേഷം ആറാട്ടോടെ കാട്ടാൽ മുടിപ്പുരയിലെ തൂക്ക പറണേറ്റ് ഉത്സവം സമാപിച്ചു. ഇന്നലെ രാവിലെ അഞ്ചിന് ഗണപതിഹോമത്തിനുശേഷമാണ് നിലത്തിൽപ്പോര് തുടങ്ങിയത്. ഏഴുവട്ടം ദാരികനുമായുള്ള പോരിനു നൂറുകണക്കിന് ദേവീഭക്തർ അമ്മേശരണം ദേവീശരണം വിളികളോടെ സാക്ഷികളായി.
തുടർന്ന് വൈകുന്നേരം നാലിനു മണ്ഡപത്തിൻകടവ് ആറാട്ടുകടവിലേക്ക് കാട്ടാലമ്മ യാത്രയായി. ആറിനു വാദ്യഘോഷങ്ങളുടെയും തെയ്യം, പൂക്കാവടി, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ഇതോടെ 18 ദിവസം നീണ്ട ഉത്സവത്തിനു സമാപ്തിയായി. മറുനട തുറക്കുന്ന 25ന് പൊങ്കാല നടക്കും.