ദേശീയപാതയിലെ കുഴിയിലേക്ക് ബുള്ളറ്റ് ഗ്യാസ് ടാങ്കർ മറിഞ്ഞു
1544432
Tuesday, April 22, 2025 6:35 AM IST
ചാത്തന്നൂർ: നിർമാണം നടക്കുന്ന ദേശീയ പാതയുടെ ഒരു വശത്ത് എടുത്ത കുഴിയിലേയ്ക്ക് ബുള്ളറ്റ് ഗ്യാസ് ടാങ്കർ ചരിഞ്ഞു. ഗ്യാസ് ലീക്കാകാതിരുന്നത് ദുരന്തം ഒഴിവാക്കി.
ചാത്തന്നൂർ തിരുമുക്ക് ജംഗ്ഷനിൽ തിങ്കളാഴ്ച പുലർച്ചേ ഒന്നരയോടെയായിരുന്നു അപകടം. നിർമാണം നടക്കുന്ന ദേശീയ പാതയുടെ വശത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴി എടുത്തിരുന്നു. ഈ കുഴിയിലേയ്ക്കാണ് ടാങ്കറി െ ന്റ പിൻഭാഗം ഇറങ്ങി ചരിയുന്നത്. മംഗലാപുരത്തുനിന്നും പാരിപ്പള്ളി ഐഒസി പ്ലാൻ്റിലേയ്ക്ക് പാചക വാതകവുമായി പോവുകയായിരുന്ന ബുളറ്റ് ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് അറകളിലായി 18 ടൺ പാചക വാതകമാണുണ്ടായിരുന്നത്. അപകടമുണ്ടാകുമ്പോൾ രാജസ്ഥാൻ സ്വദേശിയായ ഡ്രൈവർ വിക്രം സിംഗ് മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ.അപകടം ഉണ്ടായ ഉടൻ ചാത്തന്നൂർ പോലീസും പരവൂരിൽ നിന്നും ഫയർ ഫോഴ്സും എത്തി ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തി.ദേശീയപാതയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിനുകളും രക്ഷാപ്രവർത്തനത്തിന് എത്തി. വിവരമറിഞ്ഞ് എത്തിയ സന്നദ്ധ പ്രവർത്തകരും പോലീസും ചേർന്നാണ് കുഴിയിൽ നിന്നും ടാങ്കർ കരയ്ക്ക് കയറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത്.