അമ്പതേക്കർ നിവാസികളുടെ സ്വപ്നം പൂവണിയുന്നു : കുഞ്ഞുമാൻ തോടിന് കുറുകെ പാലംപണി തുടങ്ങി
1544202
Monday, April 21, 2025 6:15 AM IST
കുളത്തൂപ്പുഴ: അമ്പതേക്കർ ആദിവാസി മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ കുഞ്ഞുമാൻ തോടിന് കുറുകെയുള്ള പുതിയ പാലത്തിന്റെ പണി ആരംഭിച്ചു. മഴക്കാലം ആരംഭിച്ചാൽ കുഞ്ഞുമാൻ തോട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളത്തിനടിയിൽ ആകുന്ന അമ്പതേക്കർ പാലത്തിന് പകരമായി മറ്റൊരു പാലം വേണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.
പി.എസ്.സുപാൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ അനുവദിച്ചതോടെയാണ് കുഞ്ഞുമാൻ തോടിന് കുറുകെയുള്ള പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്.
ആദിവാസി കുടുംബങ്ങളും വിദ്യാലയങ്ങളും പള്ളികളും ക്ഷേത്രങ്ങളും ഒട്ടനവധി സെറ്റിൽമെന്റ് ആദിവാസി ഊരുകളും ഉള്ള ഗ്രാമമായ അമ്പതേക്കറിലേക്കുള്ള യാത്രയ്ക്ക് ഈ പാലം മാത്രമാണ് ഏക മാർഗം.
മഴക്കാലത്ത് കുഞ്ഞുമാൻ തോട്ടിലെ നീരൊഴുക്ക് കൂടി ഗ്രാമം ദിവസങ്ങളോളം ഒറ്റപ്പെടുന്നത് പതിവാണ്. ആ സമയത്ത് പാലത്തിനു മുകളിലൂടെയാണ് മഴ വെള്ളം കുത്തിയൊഴുകാറുള്ളത്. ആ സമയത്ത് വലിപ്പമേറിയ കയർ അക്കരെയും ഇക്കരെയും ഉള്ള മരങ്ങളിൽ വലിച്ചുകെട്ടിയാണ് ജനങ്ങൾ കുളത്തൂപ്പുഴ ടൗണിൽ എത്തി അവശ്യസാധനങ്ങൾ വാങ്ങാനെത്തുക.
പുതിയപാലം വരുന്നതോടെ നാട്ടുകാരുടെ ദുരിതത്തിന് ആശ്വാസമാകും. ഇരുവശത്തേയും തറനിരപ്പിൽ നിന്നും താഴ്ന്ന നിലയിൽ എൺപതുകളിൽ നിർമിച്ച പാലം പൊളിച്ചു മാറ്റാതെ നിലനിർത്തി ഗതാഗത്തിന് തടസം ഉണ്ടാക്കാത്ത വിധത്തിൽ സമീപത്താണ് പുതിയ പാലം നിർമിക്കുന്നത്.
പാലത്തിന്റെ സമാന്തര പാലം കടന്നുപോകുന്ന വഴിയിലെ മരം മുറിച്ചു നീക്കുന്നതിന് വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.
വികസന സാധ്യത മുന്നിൽകണ്ട് നിലവിലെ പാലത്തിൽ നിന്നും നാലു മീറ്റർ ഉയരത്തിൽ 18 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ വീതിയിലുമാണ് പുതിയ പാലം പണിയുക. തൂണുകളുടെ നിർമാണമാണ് ഇപ്പോൾ ദ്രുതഗതിയിൽ നടന്നു വരുന്നത്.