ആർ. ബാലകൃഷ്ണപിള്ളയുടെ പ്രതിമ നിർമാണം അടുത്ത മാസം
1544194
Monday, April 21, 2025 6:01 AM IST
കൊട്ടാരക്കര: കേരളാ കോൺഗ്രസ് -ബി യുടെ മുൻ ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ പ്രതിമയുടെ നിർമാണം കൊട്ടാരക്കരയിൽ അടുത്തമാസം ആരംഭിക്കും. മേയ് മൂന്നിന് നാലാം ചരമവാർഷിക ദിനത്തിലാണ് പ്രതിമാ നിർമാണം ആരംഭിക്കുന്നത്.
വെങ്കലത്തിൽ അർധകായ പ്രതിമയാണ് നിർമിക്കുക. പ്രതിമ നിർമാണം പാർട്ടി ചെലവിലായിരിക്കും നടക്കുന്നത്. കൊട്ടാരക്കര ചന്തമുക്കിൽ പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലംവിട്ടു നൽകാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ ആർ. ബാലകൃഷ്ണപിള്ളയുടെ പേരിൽ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചിട്ടുമുണ്ട്.നാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും അന്നദാനവും ജില്ലയിലെമ്പാടും നടത്താൻ കേരളാ കോൺഗ്രസ് -ബി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. ഷാജു അധ്യക്ഷത വഹിച്ചു. നെടുവന്നൂർ സുനിൽ, ജി. ഗോപാലകൃഷ്ണപിള്ള, ജേക്കബ് വർഗീസ്, എം.കെ. കൃഷ്ണൻകുട്ടി നായർ, പെരുങ്കുളം സുരേഷ്, ഹരിമുരളി, റിയാസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.