പുനലൂരിൽ 13കാരിക്ക് പാമ്പ് കടിയേറ്റ സംഭവം : പ്രതിഷേധവുമായി എഐവൈഎഫ് രംഗത്ത്
1544434
Tuesday, April 22, 2025 6:35 AM IST
പുനലൂർ: കഴിഞ്ഞ ദിവസം ചെന്നൈ എഗ്മോർ കൊല്ലം എക്സ്പ്രസ് ട്രെയിനിൽ എത്തിയ 13 കാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ എഐവൈഎഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ റയിൽവേ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു.
റയിൽവേ സ്റ്റേഷന്റെ ദൈനം ദിന പ്രവർത്തനങ്ങൾ നടത്തേണ്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.കഴിഞ്ഞ മൂന്നു മാസത്തോളമായി ദൈനം ദിനം ട്രാക്കിൽ നടത്തേണ്ടുന്ന ശുചീകരണം നടത്തുന്നില്ല.രാത്രികാലങ്ങളിൽ പ്ലാറ്റ് ഫോമുകളിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമല്ല.വിവിധ ഇടങ്ങളിൽ ട്യൂബ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രകാശിക്കുന്നില്ല.
ഇത്തരം വിഷയങ്ങൾ സ്റ്റേഷൻ മാസ്റ്ററുമായി ഫോണിൽ ബന്ധപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം രാജ് അറിയിച്ചു.റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം പരിസരത്തെ കാടുകൾ നീക്കം ചെയ്യുന്നത് തിങ്കളാഴ്ച മുതൽ ആരംഭിച്ചെന്നും,അമൃത് ഭാരത് പദ്ധതിയുടെ കരാർ എടുത്ത കോൺട്രാക്ടറെ ഉപയോഗിച്ച് പുറത്തെ കാടുകൾ നീക്കം ചെയ്യുമെന്നും, ഒരാഴ്ചക്കുള്ളിൽ പൂർണ്ണമായും കാടുകൾ നീക്കം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എല്ലാ മാസവും സുരക്ഷ സംബന്ധിച്ച പരിശോധന നടത്തും.പരിക്കേറ്റ കുട്ടിയെ റയിൽവേ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്നും, സ്റ്റേഷൻ മാനേജർ എഐവൈഎഫ് നേതാക്കൾക്ക് ഉറപ്പ് നൽകുകയും ഇന്ന് രാവിലെ 11ന് എഐവൈഎഫ് നേതാക്കളുമായി നേരിട്ട് ചർച്ച നടത്താമെന്നും അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതിഷേധയോഗം എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം രാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം അഖില സുധാകരൻ, എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗം രാഹുൽ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ഐസക് ജോയ്,നിധിൻ,തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.