നെയ്യാറിൽ ഇക്കോ ടൂറിസം പദ്ധതികൾക്ക് ഏഴു കോടിയുടെ അനുമതി
1544208
Monday, April 21, 2025 6:15 AM IST
കോട്ടൂർ സുനിൽ
നെയ്യാർഡാം: നെയ്യാറിൽ വിനോദ സഞ്ചാര പദ്ധതികൾക്ക് വേഗതയാർന്ന നീക്കം. ഇവിടുത്തെ വിവിധ ടൂറിസം പദ്ധതികൾക്കായി സർക്കാർ ഏഴുകോടി രൂപ അനുവദിച്ചു. നെയ്യാർ അണക്കെട്ടിന്റെ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന പ്രധാന ടൂറിസം സ്പോട്ടുകളെ ബന്ധിപ്പിച്ചുള്ള പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നത്.
നിലവിൽ നെയ്യാറിന്റെ തീരത്തു ചെറുതും വലുതുമായി റിസോർട്ടുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇവിടെ അവധി ദിവസങ്ങളിൽ സഞ്ചാരികളും എത്തുന്നുണ്ട്. നെയ്യാറിന്റെ ആഴമില്ലാത്ത തീരങ്ങളിൽ ഒന്നാണു കരിമാങ്കുളം തീരം. മായം വാർഡിലാണ് ഈ കടവ്. നാലുവശത്തെയും മനോഹരങ്ങളായ കാഴ്ചകൾ കാണാനും ഫോട്ടോ ഷൂട്ടിനും അനുയോജ്യമായ തീരമാണിത്.
നെയ്യാറിന്റെ വനത്തിൽനിന്നുള്ള ഉത്ഭവ കൈവഴി ആറുകളിൽ ഒന്നാണ് ഇരപ്പാൻകുഴി. നിരവധി കൈത്തോടുകൾ ഒന്നിച്ച് ഇവിടെയെത്തുന്നു. തെളിഞ്ഞ വെള്ളംനിറഞ്ഞ ഈ ജലാശയത്തിലെ കുളിയും തീരത്തെ വിശ്രമവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.
തൊടുമല വാർഡിലുള്ള ആനക്കുളം വെള്ളച്ചാട്ടത്തിൽ മഴയെത്തിയാൽ നീരൊഴുക്കും കൂടും. പാറയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന ശുദ്ധമായ തണുത്ത വെള്ളത്തിലുള്ള കുളി സഞ്ചാരികൾക്ക് ഏറെ പ്രിയമാണ്. അവധിദിനങ്ങൾ ഉൾപ്പടെ മിക്കവാറും ദിവസങ്ങളിലും യുവാക്കൾ ഉൾപ്പടെയുള്ള സംഘങ്ങൾ എത്തുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ ഡിപിആർ തയാറാക്കും.
അവരുടെ റിപ്പോർട്ട് പരിശോധിച്ചശേഷം അനുയോജ്യമായ പ്രദേശങ്ങളെ ഫണ്ടിന് അനുസൃതമായി ഉന്നതനിലവാരത്തിലുള്ള വിനോദസഞ്ചാ രകേന്ദ്രങ്ങളാക്കാനുള്ള നടപടികൾ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.
മലയോരമേഖലയിലെ ഏറ്റവും വലിയ പാലമാണ് കുമ്പിച്ചൽക്കടവിൽ നിർമിച്ചുവരുന്നത്. നെയ്യാർ സംഭരണിയുടെ കുറുകേ ആദിവാസിമേഖലകൾ ഉൾപ്പെട്ട തൊടുമല വാർഡിനെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ പണികൾ ഏറക്കുറെ പൂർത്തിയായി കഴിഞ്ഞു. പാലത്തിന്റെ വശങ്ങളിൽ നിന്നാൽ നെയ്യാറിനിരുവശത്തെയും മനോഹരങ്ങളായ കാഴ്ചകളും ചുറ്റുമുള്ള മലകളും കാണാവുന്നതാണ്.
ഈ പാലത്തിലൂടെ സഞ്ചരിച്ച് അക്കരെയുള്ള വനഭംഗിയും ദർശിക്കാം. സാഹസരികരായ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ട്രക്കിംഗ് ഉൾപ്പടെ നടപ്പിലാക്കുകയാണ് ഇവിടെ. അഗസ്ത്യാർകൂട മലനിരകളിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്നതാണ് നെയ്യാർ. നെയ്യാറിലൂടെയുള്ള ബോട്ടു യാത്ര കൂടുതൽ സജീവമാക്കും. ഡാം, പൂന്തോട്ടം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, ലയൺ സഫാരി പാർക്ക്, മാൻ പാർക്ക് എന്നിങ്ങനെ നെയ്യാർഡാമിനോടു ചേർന്നു ഒരു ദിവസം ചുറ്റാനുള്ള നിരവധി ഇടങ്ങളുണ്ട്.
നെയ്യാർഡാമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കായി വനം വകുപ്പിന്റെ നിയന്ത്രണത്തിൽ കോട്ടമൺപുറം, വെട്ടിമുറിച്ചകോൺ, കൊമ്പൈ, ആനനിരത്തി, ഭൂതക എന്നിവിടങ്ങളിൽ താമസവും ഭക്ഷണവും ട്രക്കിംഗ് ബോട്ടിംഗും ഉൾപ്പെടെയുള്ള പാക്കേജുകളും വിപുലമായ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകരെ അനുവദിക്കും. ബോട്ട് മാർഗം കൈാമ്പൈകാണിയിൽ എത്തിച്ച് അവിടെ നിന്നും കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് മീൻമുട്ടിയിൽ എത്തുക. നെയ്യാർ വനത്തിൽ വിവിധയിടങ്ങളിലെ ആനമാടങ്ങൾ പുനരുദ്ധരിക്കാനും ശ്രമം തുടങ്ങി.