ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് തോട്ടണ്ടി ഇറക്കുമതിക്ക് കരാറായി
1544191
Monday, April 21, 2025 6:01 AM IST
കൊല്ലം : കാഷ്യു കോർപറേഷൻ - കാപ്പെക്സ് ഫാക്ടറികളിൽ ഇത്തവണയും 200 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാൻ നടപടി. ഈ ലക്ഷ്യത്തോടെ കാഷ്യു ബോർഡ് മുഖേന രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 12,500 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതിക്ക് കരാർ ഉറപ്പിച്ചു.
ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള തോട്ടണ്ടി മേയ് പകുതിയോടെ ഫാക്ടറികളിൽ എത്തും. ഈ വർഷം തുടക്കത്തിൽ മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്ത തോട്ടണ്ടി ഉപയോഗിച്ചാണ് കോർപറേഷൻ - കാപ്പെക്സ് ഫാക്ടറികളിൽ തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കിയത്.
ഇതുവരെ 46 ദിവസം തൊഴിൽ നൽകി. ഈ വർഷം 200 തൊഴിൽ ദിനങ്ങൾ നൽകാനാകുമെന്നു കാഷ്യു കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനും കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ളയും അറിയിച്ചു.നാടൻ തോട്ടണ്ടിക്ക് വേണ്ടിയും ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഫാക്ടറികൾ വഴി ലഭ്യമായതും കോർപറേഷൻ, കാപ്പെക്സ് ഫാക്ടറി പരിസരത്ത് നിന്നും വിളവെടുത്ത് ലഭ്യമായിട്ടുള്ളതുമായ തോട്ടണ്ടി ഉപയോഗിച്ച് ഓണക്കാലത്ത് ജംബോ കാഷ്യു ഇറക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
ഐവറികോസ്റ്റിൽ നിന്നും 3000 മെട്രിക് ടൺ തോട്ടണ്ടിക്കു കൂടി ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളിലെ സീസൺ സമയത്ത് തന്നെ തോട്ടണ്ടി വാങ്ങാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ സഹായം യഥാസമയം ലഭിച്ചതു കൊണ്ടാണെന്നും ചെയർമാൻമാർ പറഞ്ഞു.
അടഞ്ഞു കിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തയാറാവുന്ന വ്യവസായികൾക്ക് ഒരു തൊഴിലാളിക്ക് 55 രൂപ കണക്കാക്കി 10 ലക്ഷം രൂപ വരെ സഹായധനമായി നൽകുന്ന പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്.
അത് പരമാവധി പ്രയോജനപ്പെടുത്തി ഫാക്ടറികൾ തുറക്കാൻ തയാറായാൽ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും ഏറെ ആശ്വാസകരമാകുമെന്നും എസ്.ജയമോഹനും ശിവശങ്കരപ്പിള്ളയും പറഞ്ഞു.
പൂട്ടികിടക്കുന്ന ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കണമെന്ന്
കൊല്ലം: പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറക്കുന്നവർക്ക് ഒരു തൊഴിലാളിക്ക് 55 രൂപ ക്രമത്തിൽ 10 ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്ന് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനന്റെ പ്രസ്താവനയ്ക്കെതിരെ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റും യുറ്റിയുസി ദേശീയ പ്രസിഡന്റുമായ എ.എ. അസീസ്.
പ്രസ്താവന വാസ്തവമാണെങ്കിൽ 12, 500 ടൺ തോട്ടണ്ടി ഉള്ളപ്പോൾ പ്രസ്തുത ധനസഹായം ഉപയോഗിച്ച് തുറക്കാത്ത ഫാക്്ടറികൾ സർക്കാർ ഏറ്റെടുത്ത് കോർപറേഷനെയോ കാപക്സിനെയോ ഏൽപ്പിച്ച് തൊഴിലാളികൾക്ക് തൊഴിൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.