വിദ്യാധിരാജപുരം തീർഥാടനം ഇന്നു മുതൽ
1544433
Tuesday, April 22, 2025 6:35 AM IST
കൊല്ലം: ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജ ഇന്റർനാഷണലി െ ന്റ ആഭിമുഖ്യത്തിൽ ചട്ടമ്പി സ്വാമികളുടെ സമാധി വാർഷികം ഇന്നു മുതൽ 29 വരെ വിപുലമായ പരിപാടികളോടെ നടക്കും. വിദ്യാധിരാജപുരം തീർഥാടനമാണ് ഇതിൽ പ്രധാനം. സ്വാമികളുടെ വിഗ്രഹവും വഹിച്ചുള്ള വിദ്യാധിരാജ രഥഘോഷയാത്ര, സർവ സിദ്ധി അർച്ചന, ആത്മിയ പ്രഭാഷണം, സംവാദം, കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
ഇന്ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം കണ്ണമൂലയിൽ രഥയാത്രയുടെ ഉദ്ഘാടനം അഭേദാനന്താ ശ്രമം മഠാധിപതി കേശവാനന്ദ ഭാരതി നിർവഹിക്കും. നാളെ വൈകുന്നേരം അഞ്ചിന് രഥയാത്ര വിദ്യാധിരാജപുരത്ത് എത്തും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വിദ്യാധിരാജ ഇന്റർനാഷണൽ കോയമ്പത്തൂർ ചാപ്റ്റർ രക്ഷാധികാരി ദേവീദാസ് വാര്യർ ഉദ്ഘാടനം ചെയ്യും. കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി.രാമഭദ്രൻ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം നടത്തും.
24 ന് രാവിലെ പത്തിന് വിദ്യാധിരാജ സെമിനാറിൽ ഡോ. എ .രാധാകൃഷ്ണൻ നായർ, പ്രഫ. കെ. രാഘവൻ നായർ, ഡോ .ആർ. ഗോപിനാഥൻ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന വനിതാ സെമിനാറിൽ ഡോ.അശ്വതി ഗോപിനാഥ്, സോജാ ഗോപാലകൃഷ്ണൻ, കെ.സിസിലി, അഡ്വ. ഭാവന, മീന മുരളീധരൻ എന്നിവർ പ്രസംഗിക്കും.
25ന് രാവിലെ പത്തിന് ആത്മീയ സംഗമം, തുടർന്ന് ഭഗവത് ഗീതാ ക്വിസും ഗീതാ ക്ലാസ് ഉദ്ഘാടനവും. 27 ന് രാവിലെ പത്തിന് ഡോ. ഡി.എം.വാസുദേവൻ ശതാഭിഷേക സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ. നാരായണ കുറുപ്പ് അധ്യക്ഷത വഹിക്കും.
സ്വാമി ശങ്കരാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തും. 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മാധ്യമ സെമിനാറിൽ അജയകുമാർ, ജി. ജ്യോതിലാൽ, എസ്. രാജ്കുമാർ തുടങ്ങിയവർ പങ്കെടുക്കും. 29 ന് രാവിലെ പത്തിന് സമാധി സമ്മേളനം എ. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സാമി വിവിക്താനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തും.
വൈകുന്നേരം അഞ്ച് മുതൽ കലാപരിപാടികൾ. സ്വാഗത സംഘം ഭാരവാഹികളായ പെരുമുറ്റം രാധാകൃഷ്ണൻ, ഡി. സനാതനൻ നമ്പൂതിരി, ജി. ശ്യാംനാഥ്, ജ്യോതിസ് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.